| Friday, 6th February 2026, 10:43 pm

ഇന്ത്യയ്ക്ക് തിരിച്ചടി; സ്‌ക്വാഡില്‍ നിന്ന് പേസര്‍ പുറത്ത്... പകരക്കാരനേയും പ്രഖ്യാപിച്ച് ബി.സി.സി.ഐ

ശ്രീരാഗ് പാറക്കല്‍

2026 ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്പന്‍ തിരിച്ചടി. ഇന്ത്യയുടെ യുവപേസര്‍ ഹര്‍ഷിത് റാണയ്ക്ക് ടി-20 ലോകകപ്പ് നഷ്ടമാവും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാവുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

ഹര്‍ഷിത് റാണയ്ക്ക് പകരക്കാരനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത് പേസര്‍ മുഹമ്മദ് സിറാജിനെയാണ്. താരം ഉടനെ ടീമിനൊപ്പം ചേരുമെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു.

സന്നാഹമത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടയിലാണ് ഹര്‍ഷിത്തിന് പരിക്കേല്‍ക്കുന്നത്. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ വെറും ഒരു ഓവര്‍ മാത്രം എറിഞ്ഞാണ് റാണ മടങ്ങിയത്.
കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയായിരുന്നു താരം.

വേദന കാരണം ഹര്‍ഷിത് റണ്ണപ്പ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് മുട്ടില്‍ പിടിച്ചു കൊണ്ട് മുടന്തി കളം വിടുന്ന ഹര്‍ഷിത്തിന്റെ ദൃശ്യങ്ങള്‍ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തു.

മത്സരത്തില്‍ എറിഞ്ഞ ഏക ഓവറില്‍ 16 റണ്‍സാണ് ഹര്‍ഷിത് വഴങ്ങിയത്. എന്നാല്‍ ഹര്‍ഷിത്തിന്റെ പരിക്കിനെക്കുറിച്ച് ബി.സി.സി.ഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. താരത്തിന്റെ പിരിക്ക് ഗുരുതരമാണെങ്കില്‍ പ്രസിദ്ധ് കൃഷ്ണയോ മുഹമ്മദ് സിറാജോ സ്‌ക്വാഡിലെത്തിയേക്കും.

ഇന്ത്യ സ്‌ക്വാഡ്

അഭിഷേക് ശര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്

Content Highlight: Harshit Rana Ruled Out From T20 World Cup 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more