സൂപ്പര്‍ താരം സഞ്ജു സാംസണെ വളരെ വേഗം ടീമില്‍ നിന്ന് പുറത്താക്കിയെന്ന് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ശുഭ്മന്‍ ഗില്‍ സഞ്ജുവിന് പകരം ഓപ്പണറായി ബാറ്റിങ് ആരംഭിച്ചതിന് ശേഷം മോശമല്ലാത്ത റെക്കോഡുകളുണ്ടെങ്കിലും സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റും ആവറേജും വളരെ മികച്ചതാണെന്ന് ഭോഗ്ലെ പറഞ്ഞു. എന്നിട്ടും സഞ്ജുവിനെ വളരെ വേഗം ടീമില്‍ നിന്ന് പുറത്താക്കുന്നുവെന്നും താളം കണ്ടെത്തിയാല്‍ സഞ്ജു മാച്ച് വിന്നിങ് പ്രകടനം നടത്തുമെന്നും ഭോഗ്ലെ പറഞ്ഞു. ക്രിക്ക്ബസില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശുഭ്മന്‍ ഗില്‍ ഓപ്പണറായി ബാറ്റിങ് ആരംഭിച്ചതിന് ശേഷമുള്ള അവസാന പതിനൊന്ന് ഇന്നിങ്സുകളില്‍, 140 എന്ന സ്‌ട്രൈക്ക് റേറ്റും 25.5 ശരാശരിയും നേടിയിട്ടുണ്ട്. അതൊരു ന്യായമായ റെക്കോര്‍ഡാണെങ്കിലും, സഞ്ജു സാംസണിന്റെ മുന്‍ പതിനൊന്ന് ഇന്നിങ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധേയമായ വ്യത്യാസമാണുള്ളത്. ആ കാലയളവില്‍, സഞ്ജുവിന്റെ ശരാശരി 38.8 ആയിരുന്നു. മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 186 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.
എന്നിട്ടും സഞ്ജുവിനെ പുറത്താക്കി, സ്‌ക്വാഡില്‍ ഉണ്ടായിരുന്നിട്ടും ഓപ്പണിങ് റോളില്‍ നിന്ന് വളരെ വേഗത്തില്‍ സഞ്ജുവിനെ ഒഴിവാക്കിയതായി തോന്നുന്നു. സാംസണിന്റെ ആക്രമണാത്മക ശൈലി പൊരുത്തക്കേട് ഉണ്ടാക്കിയേക്കാം, പക്ഷേ അദ്ദേഹം താളം കണ്ടെത്തുമ്പോള്‍ മാച്ച് വിന്നിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അദ്ദേഹത്തിന്റെ സ്‌ഫോടനാത്മകമായ സ്‌ട്രൈക്ക് റേറ്റും ആക്രമണങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവും അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ മാച്ച് വിന്നറാക്കുന്നു, ഒറ്റയ്ക്ക് ഗെയിമുകള്‍ അവസാനിപ്പിക്കാന്‍ കഴിവുള്ള കളിക്കാരനാണവന്‍. അവന്‍ വളരെ വേഗത്തില്‍ 100 റണ്‍സ് നേടുന്നു, അവനെ ടീമില്‍ നിന്ന് പുറത്താക്കി. സഞ്ജുവിന് തന്റെ സ്ഥാനത്ത് തിരിച്ചെത്താന്‍ മതിയായ അവസരം നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്.
നിങ്ങളുടെ ലോക കപ്പ് ടീമില്‍ (2026) രണ്ട് കളിക്കാരെയും നിങ്ങള്‍ തെരഞ്ഞെടുത്തു എന്ന് കരുതുക, ആരാണ് നിങ്ങള്‍ക്കായി ഓപ്പണ്‍ ചെയ്യുക? ഞാന്‍ എന്റെ നിലപാട് തുടരും. ശുഭ്മന്‍ ഗില്‍ കളിക്കണമെന്ന് ഞാന്‍ പറയില്ല, പക്ഷേ ആ 10 മത്സരങ്ങളില്‍ ചിലതില്‍ അഭിഷേകിന് വിശ്രമം നല്‍കുകയും രണ്ട് പേര്‍ക്കും ഓപ്പണിങ്ങിനുള്ള അവസരം നല്‍കുകയും ചെയ്യും,’ ഭോഗ്ലെ പറഞ്ഞു.
അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ സഞ്ജു സാംസണിന് ഒരു അവസരം മാത്രമായിരുന്നു ടീം മാനേജ്‌മെന്റ് നല്‍കിയത്. രണ്ടാം മത്സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് സഞ്ജുവിനെ ബാറ്റിങ്ങിന് അയച്ചെങ്കിലും 2 റണ്‍സായിരുന്നു താരത്തിന് നേടാന്‍ സാധിച്ചത്. ശേഷം പരമ്പരയില്‍ താരത്തിന് പകരം വിക്കറ്റ് കീപ്പര്‍ റോളില്‍ എത്തിയത് ജിതേഷ് ശര്‍മയായിരുന്നു.