അവൻ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്; പ്രശംസിച്ച് ഹാരി മഗ്വയർ
Football
അവൻ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്; പ്രശംസിച്ച് ഹാരി മഗ്വയർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd November 2023, 12:42 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം ഹാരി മഗ്വയര്‍ തന്റെ സഹതാരവും ബയേണ്‍ മ്യൂണിക്കിന്റെ സ്ട്രൈക്കറുമായ ഹാരി കെയ്‌നെ പ്രശംസിച്ച് രംഗത്തെത്തി.

ഹാരി കെയ്ന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും കളിക്കളത്തില്‍ ഇല്ലാത്ത സമയങ്ങളില്‍ കെയ്‌നെ മിസ് ചെയ്യാറുണ്ടെന്നുമാണ് മഗ്വയര്‍ പറഞ്ഞത്.

‘എന്നെ സംബന്ധിച്ചിടത്തോളം ഹാരി കെയ്ന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ്. അവന്‍ കളിക്കളത്തില്‍ ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ അവനെ മിസ് ചെയ്യാറുണ്ട്. അവനാണ് ഞങ്ങളുടെ ക്യാപ്റ്റന്‍. ഇംഗ്ലണ്ട് ടീമിലെ പ്രധാന കളിക്കാരനും ഏറ്റവും മികച്ച ഗോള്‍ സ്‌കോററുമാണ് ഹാരി കെയ്ന്‍.

അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഹാരി ഒരുപാട് കാലം ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ കളിച്ചു. ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഹാനിക ജര്‍മനിയില്‍ പോകുമ്പോള്‍ എനിക്ക് അറിയാമായിരുന്നു അവന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന്. അവനത് ചെയ്തു ബയേണിനായി ഗോളുകള്‍ അടിച്ചുകൂട്ടുന്നു,’ മഗ്വയര്‍ പറഞ്ഞതായി ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് ഹാരി കെയ്ന്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ എത്തുന്നത്. ബയേണിനായി മിന്നും ഫോമിലാണ് ഹാരി.

ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ഇംഗ്ലണ്ട് നായകന്‍ നേടിയത്. ബുണ്ടസ്ലീഗയിലെ ചരിത്രപരമായ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. ബുണ്ടസ്ലീഗ ചരിത്രത്തില്‍ ആദ്യ 11 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.

ടോട്ടന്‍ഹാം ഹോട്‌സ്പറിനൊപ്പവും അവിസ്മരണീയമായ കരിയര്‍ ആണ് ഹാരി കെയ്ന്‍ പടുത്തുയര്‍ത്തിയത്. 280 ഗോളുകളാണ് സ്പര്‍സിനായി കെയ്ന്‍ അടിച്ചുകൂട്ടിയത്.

ഇംഗ്ലണ്ട് ദേശീയ ടീമിനായി 81 മത്സരങ്ങളില്‍ ബൂട്ട് കെട്ടി ഹാരി കെയ്ന്‍ 62 ഗോളുകളാണ് നേടിയത്. 2024 യൂറോ യോഗ്യത മത്സരങ്ങളില്‍ ഒന്‍പത് ഗോളുകളും ഈ 33കാരന്‍ നേടിയിട്ടുണ്ട്.

Content Highlight:  Harry Maguire praises his team mate harry kane.