| Tuesday, 23rd December 2025, 9:26 pm

81ാം ഗോളില്‍ സെഞ്ച്വറിയടിച്ച് ഹാരി കെയ്ന്‍; സാക്ഷാല്‍ ആര്യന്‍ റോബനെയും വെട്ടി ഒന്നാമത്

ആദര്‍ശ് എം.കെ.

ബുണ്ടസ് ലീഗയില്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷനുമായി ബയേണ്‍ മ്യൂണിക് സൂപ്പര്‍ താരം ഹാരി കെയ്ന്‍. കഴിഞ്ഞ മാച്ച് ഡേയില്‍ ഹൈഡന്‍ഹൈമിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയതോടെയാണ് ഹാരി കെയ്ന്‍ ബുണ്ടസ് ലീഗയില്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ പൂര്‍ത്തിയാക്കിയത്.

81 തവണ ഗോളടിച്ച താരം 19 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു.

ഹാരി കെയ്ന്‍. Photo: Bayern Munich/x.com

ഇതോടെ ഒരു ചരിത്ര നേട്ടത്തിലും ഹാരി കെയ്ന്‍ ഒന്നാമതായി ഇടം കണ്ടെത്തി. ബുണ്ടസ് ലീഗയില്‍ ഏറ്റവും വേഗത്തില്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ പൂര്‍ത്തിയാക്കുന്ന ബയേണ്‍ താരമെന്ന നേട്ടമാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.

കളത്തിലിറങ്ങിയ 78ാം മത്സരത്തിലാണ് ഹാരി കെയ്ന്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷനെന്ന നേട്ടത്തിലെത്തിയത്. ഡച്ച് ഇതിഹാസം ആര്യന്‍ റോബനെ മറികടന്നുകൊണ്ടാണ് കെയ്ന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.

ഹാരി കെയ്ന്‍. Photo: Bayern Munich/x.com

റോബനെക്കാള്‍ 41 മത്സരം കുറവ് കളിച്ചാണ് കെയ്ന്‍ ഗോളടിച്ചും ഗോളടിപ്പിച്ചും നൂറ് എന്ന മാന്ത്രിക സംഖ്യ പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധേയമാണ്.

ആര്യന്‍ റോബന്‍. Photo: Bundesliga

ബയേണ്‍ മ്യൂണിക്കിനായി ബുണ്ടസ് ലീഗയില്‍ ഏറ്റവും വേഗത്തില്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ പൂര്‍ത്തിയാക്കുന്ന താരം

(താരം – മത്സരം എന്നീ ക്രമത്തില്‍)

ഹാരി കെയ്ന്‍ – 78

ആര്യന്‍ റോബന്‍ – 119

പിയറി എറിക് ഒബാമയാങ് – 127

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – 138

ഫ്രാങ്ക് റിബറി – 148

ആന്ദ്രെ ക്രമാരിച്ച് – 148

ഈ സീസണിലും ഗോള്‍ വേട്ടയില്‍ ഹാരി കെയ്ന്‍ തന്റെ കുതിപ്പ് തുടരുകയാണ്. 15 മത്സരത്തില്‍ നിന്നും 19 ഗോളുകളാണ് ബവാരിയന്‍സിന്റെ ഇംഗ്ലീഷ് ഗോളടിയന്ത്രം അടിച്ചുകൂട്ടിയത്.

രണ്ടാമതുള്ള സ്റ്റുഗാര്‍ട്ടിന്റെ ഡെന്നിസ് യുണ്ടാവും ഐന്‍ട്രാക്ട് ഫ്രാങ്ക്ഫോര്‍ട്ടിന്റെ ബര്‍കാര്‍ഡും കെയ്നിന്റെ സഹതാരം ലൂയീസ് ഡയസും എട്ട് ഗോള്‍ വീതമാണ് നേടിയത് എന്നുമോര്‍ക്കണം.

ഏഴ് ഗോള്‍ വീതം നേടിയ ബൊറൂസിയ മൊന്‍ചന്‍ഗ്ലാഡ്ബാക്കിന്റെ ഹാരിസ് താബ്കോവിച്ചും ബയേണിന്റെ മൈക്കല്‍ ഒലിസെയുമാണ് മൂന്നാമത്.

ജനുവരി 11നാണ് ബുണ്ടസ് ലീഗയില്‍ ബയേണിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ വോള്‍ഫ്സ്ബര്‍ഗാണ് എതിരാളികള്‍.

Content Highlight: Harry Kane completes 100 goal contribution in Bundesliga

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more