മെസിയും റൊണാള്‍ഡോയും സ്വാധീനിക്കുന്നു, ഫുട്ബോളില്‍ അവര്‍ ഇല്ലാതാകുന്നു; കുറ്റപ്പെടുത്തി ഹാരി കെയ്ന്‍
Sports News
മെസിയും റൊണാള്‍ഡോയും സ്വാധീനിക്കുന്നു, ഫുട്ബോളില്‍ അവര്‍ ഇല്ലാതാകുന്നു; കുറ്റപ്പെടുത്തി ഹാരി കെയ്ന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th May 2025, 10:30 pm

 

 

ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കുറ്റപ്പെടുത്തി ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ബയേണ്‍ മ്യൂണിക് സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്ന്‍.

ഇരു താരങ്ങളുടെയും ഫുട്ബോള്‍ സ്റ്റൈല്‍ വളര്‍ന്നുവരുന്ന യുവതാരങ്ങളെ വളരെയധികം സ്വാധീനിക്കുന്നുവെന്നും സ്‌ട്രൈക്കര്‍മാരേക്കാള്‍ വിങ്ങര്‍ പൊസിഷനില്‍ കളിക്കാനാണ് ഇവര്‍ താത്പര്യപ്പെടുന്നതെന്നും ഹാരി കെയ്ന്‍ പറഞ്ഞു.

ടി.എന്‍.ടി സ്‌പോര്‍ട്‌സ് ബ്രസീലിന് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് കെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോയും വിങ്ങര്‍മാരായി കളിച്ച് ലോക ഫുട്‌ബോളിനെ 20 വര്‍ഷത്തിലേറെ കാലം അടക്കി ഭരിച്ചു. അതുകൊണ്ട് തന്നെ മിക്ക യുവതാരങ്ങളും ഇവരെ പിന്തുടരാനാണ് ശ്രമിക്കുന്നത്. ഇക്കാരണംകൊണ്ടുതന്നെ ഫുട്‌ബോളില്‍ സ്‌ട്രൈക്കര്‍മാര്‍ കുറഞ്ഞുവരുന്നെന്നും കെയ്ന്‍ പറയുന്നു.

‘ഫുട്ബോളെന്ന ഗെയിം മാറികൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോള്‍. ഇന്നത്തെ കോച്ചിങ് രീതിയില്‍ തന്നെ അത് പ്രകടമാണ്. വളര്‍ന്നുവരുന്ന ഒരുപാട് താരങ്ങള്‍ വിങ്ങര്‍മാരായി മാറാനാണ് ആഗ്രഹിക്കുന്നത്.

ലയണല്‍ മെസ്സിയും റൊണാള്‍ഡോയും വളരെയേറെ കാലം വിങ്ങുകളില്‍ കളിച്ച് ആധിപത്യം സ്ഥാപിച്ചതായി ഞാന്‍ കരുതുന്നു. ഫുട്ബോള്‍ ആരാധകരും ഇവരുടെ പ്രകടനം കാണാനാണ് കൂടുതലായും ആഗ്രഹിക്കുന്നതെന്ന് കെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

“മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 8 തവണ മെസിയും 5 തവണ റൊണാള്‍ഡോയും സ്വന്തമാക്കിയിട്ടുണ്ട്. ഇത് മറ്റു താരങ്ങളെ ദോഷകരമായിട്ടാണ് ബാധിച്ചിട്ടുള്ളത്.

ഞാന്‍ വളര്‍ന്നു വന്നിരുന്ന സമയത്ത് ലോകത്തിലെ മികച്ച ചില ഫുട്ബോള്‍ സ്‌ട്രൈക്കര്‍മാര്‍ എനിക്ക് മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നമ്പര്‍ 9ആയി മാറാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഈ രീതിയിലാണ് എന്റെ ഫുട്ബോള്‍ ജീവിതം വളര്‍ന്നത്,’ കെയ്ന്‍ പറഞ്ഞു.

നിലവിലെ മാതൃകയിലാണ് ലോക ഫുട്ബോള്‍ പോകുന്നതെങ്കില്‍ നമ്പര്‍ 9 കളില്‍ കളിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരില്ലെന്നും, ഇത് ഫുട്ബോളിന് വലിയ നാണക്കേടായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ ബ്രസീലിയന്‍ ഐക്കണും രണ്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവുമായ റൊണാള്‍ഡോ നസാരിയോടുള്ള തന്റെ ആരാധനയെ കുറിച്ചും കെയ്ന്‍ സംസാരിച്ചു.

 

‘കളിക്കുന്ന രീതി പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ തികച്ചും വ്യത്യസ്തരായ കളിക്കാരാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ നസാരിയോ ഫിനിഷ് ചെയ്യുന്ന രീതിയും പന്തുമായി നീങ്ങുന്ന രീതിയും ആരെയും പോലെ അവനെയും മികച്ചതാക്കിയിരുന്നു.

അദ്ദേഹത്തെ കാണുന്നത് വളരെ സന്തോഷകരമാണ്, ഗോളുകള്‍ സ്വയം നേടാനും അദ്ദേഹത്തിന്റെ കളിയില്‍ നിന്ന് പലതും പഠിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്.’ നസാരിയോയെക്കുറിച്ച് കെയ്ന്‍ പറഞ്ഞു.

 

Content Highlight: Harry Kane about playing style of Lionel Messi and Cristiano Ronaldo