ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് സമനിലയിലൊതുങ്ങിയത്. അഞ്ചാം മത്സരത്തിന് മുമ്പ് 2-1 എന്ന നിലയില്‍ ആതിഥേയര്‍ക്ക് ലീഡുണ്ടായിരുന്നു. ഓവല്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നെങ്കില്‍ക്കൂടിയും പ്രഥമ ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമായിരുന്നു.
എന്നാല്‍ ഓവലില്‍ ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവ് നടത്തിയപ്പോള്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സിന് തോല്‍വി വഴങ്ങേണ്ടി വന്നു.
പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഇംഗ്ലണ്ടില്‍ നിന്നും ഹാരി ബ്രൂക്കിനെയും ഇന്ത്യയില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെയുമാണ് എതിര്‍ ടീം പരിശീലകര്‍ തെരഞ്ഞെടുത്തത്.
എന്നാല്‍ തന്നെ പരമ്പരയുടെ താരമായി തെരഞ്ഞെടുത്ത ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ഹാരി ബ്രൂക്ക്. താനായിരുന്നില്ല, മറ്റൊരു താരമാണ് ഈ പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹതപ്പെട്ടത് എന്നാണ് ബ്രൂക്ക് പറയുന്നത്.
ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ടിന്റെ പേരാണ് ബ്രൂക്ക് പറഞ്ഞത്. പരമ്പരയില്‍ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരില്‍ രണ്ടാമനായിരുന്നു റൂട്ട്.
‘ഞാന്‍ റൂട്ടി (ജോ റൂട്ട്) നേടിയ അത്രയും റണ്‍സ് നേടിയിരുന്നില്ല, ഇതുകൊണ്ടുതന്നെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം റൂട്ടിന് ലഭിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, കൂടാതെ വര്‍ഷങ്ങളായെ തുടരുന്നത് പോലെ മാന്‍ ഓഫ് ദി സമ്മറും റൂട്ടി തന്നെയാണ്,’ ബ്രൂക്ക് പറഞ്ഞു.
ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 67.12 ശരാശരിയില്‍ 537 റണ്‍സാണ് റൂട്ട് നേടിയത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് റൂട്ട് പരമ്പരയില്‍ അടിച്ചെടുത്തത്.
ഇന്ത്യന്‍ നിരയില്‍ നാല് താരങ്ങള്‍ 500 റണ്‍സ് മാര്‍ക് പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ 500 റണ്‍സ് കടന്ന ഏക താരവും റൂട്ട് മാത്രമായിരുന്നു. ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 481 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്.
ഈ പരമ്പരയില്‍ പല ചരിത്ര നേട്ടങ്ങളും റൂട്ട് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാഹുല്‍ ദ്രാവിഡ്, ജാക് കാല്ലിസ്, റിക്കി പോണ്ടിങ് എന്നിവരെയടക്കം മറികടന്നുകൊണ്ടാണ് റൂട്ട് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921
ജോ റൂട്ട് – ഇംഗ്ലണ്ട് – 288 – 13,543
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 287 – 13,378
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക, ഐ.സി.സി – – 280 – 13,289
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ, ഐ.സി.സി – 286 – 13,288
അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472
ഇതിനൊപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 6,000 റണ്‍സ് മാര്‍ക് പിന്നിടാനും റൂട്ടിനായി. രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത് 4,278 റണ്‍സ് മാത്രമാണ് നേടിയത് എന്ന് മനസിലാക്കുമ്പോഴാണ് റൂട്ടിന്റെ റേഞ്ച് മനസിലാകുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ജോ റൂട്ട് – ഇംഗ്ലണ്ട് – 126 – 6,080
സ്റ്റീവ് സ്മിത് – ഓസ്ട്രേലിയ – 95 – 4,278
മാര്‍നസ് ലബുഷാന്‍ – ഓസ്ട്രേലിയ – 96 – 4,225
ബെന്‍ സ്റ്റോക്സ് – ഇംഗ്ലണ്ട് – 103 – 3,616
ട്രാവിസ് ഹെഡ് – ഓസ്ട്രേലിയ – 87 – 3,300
Content Highlight: Harry Brook says Joe Root deserve player of the series award