ഔട്ടായവരെല്ലാം കൂടിയെടുത്തത് 51 പന്തില്‍ 35, ഇവന്‍ ഒറ്റക്കെടുത്തത് 42 പന്തില്‍ 105
Sports News
ഔട്ടായവരെല്ലാം കൂടിയെടുത്തത് 51 പന്തില്‍ 35, ഇവന്‍ ഒറ്റക്കെടുത്തത് 42 പന്തില്‍ 105
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th August 2023, 3:05 pm

ദി ഹണ്‍ഡ്രഡില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്ത സെഞ്ച്വറിയുടെ അലയൊലികള്‍ രണ്ട് ദിവസത്തിനിപ്പുറവും ഒടുക്കമില്ലാതെ തുടരുകയാണ്. മത്സരത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും ആ ഇന്നിങ്‌സ് ഇപ്പോഴും ചര്‍ച്ചയാവുകയാണ്.

ഒരു ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുക എന്ന വാക്യം യഥാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാകുന്ന നിമിഷമായിരുന്നു ഹെഡിങ്‌ലിയില്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടത്. വെല്‍ഷ് ഫയറിനെതിരായ മത്സരത്തില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് ഏഴ് വിക്കറ്റിന് 158 റണ്‍സ് നേടിയപ്പോള്‍ അതില്‍ 105 റണ്‍സും അടിച്ചെടുത്തത് ബ്രൂക്കായിരുന്നു. അതായത് ടീം സ്‌കോറിന്റെ 66.4 ശതമാനം റണ്‍സും നേടിയത് ബ്രൂക്ക് ഒറ്റക്കായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ചാര്‍ജേഴ്‌സിന് തുടക്കം പാളിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് ചേര്‍ത്തപ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകരള്‍ വീണിരുന്നു. ആഡം ലിത് (എട്ട് പന്തില്‍ രണ്ട്), മാത്യു ഷോര്‍ട്ട് (ഒരു പന്തില്‍ പൂജ്യം), ടോം ബാന്റണ്‍ (എട്ട് പന്തില്‍ പൂജ്യം) എന്നിവരാണ് പുറത്തായത്.

അഞ്ചാമനായി ഹാരി ബ്രൂക്ക് എത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. സിക്‌സറുകളും ബൗണ്ടറികളുമായി ഒരു വശത്ത് ബ്രൂക്ക് റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു.

നാലാമനായി ഇറങ്ങിയ ആദം ഹോസെ 12 പന്തില്‍ 15 റണ്‍സ് നേടി പുറത്തായി. ബ്രൂക്കിന് പുറമെ സൂപ്പര്‍ ചാര്‍ജേഴ്‌സ് നിരയില്‍ രണ്ടക്കം കണ്ട ഏക ബാറ്ററും ഹോസെ മാത്രമാണ്.

പത്ത് പന്തില്‍ ആറ് റണ്‍സുമായി ആദില്‍ റഷീദ്, എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി ബ്രൈഡന്‍ ക്രേസ്, നാല് പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ ഡേവിഡ് വീസി എന്നിവരും കൂടാരം കയറി.

നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനെ എറിഞ്ഞിടാന്‍ മത്സരിച്ച വെല്‍ഷ് ബൗളര്‍മാര്‍ ബ്രൂക്കിന് മുമ്പില്‍ കളി മറന്നു. ഏഴ് സിക്‌സറും 11 ബൗണ്ടറിയുമടക്കം 42 പന്തില്‍ 105 റണ്‍സാണ് താരം നേടിയത്. 250 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റായിരുന്നു ബ്രൂക്കിനുണ്ടായിരുന്നത്.

ബ്രൂക്കിന് പുറമെ ഏഴ് പന്തില്‍ എട്ട് റണ്‍സ് നേടിയ മാത്യു പോട്‌സ് പുറത്താകാതെ നിന്നു.

159 റണ്‍സ് ടാര്‍ഗെറ്റുമായി കളത്തിലിങ്ങിയ വെല്‍ഷ് എട്ട് വിക്കറ്റും പത്ത് പന്തും കയ്യിലിരിക്കവെ വിജയം പിടിച്ചെടുത്തു. 28 പന്തില്‍ 58 റണ്‍സ് നേടിയ സ്റ്റീഫന്‍ എസ്‌കിനാസി, 39 പന്തില്‍ 44 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോ, 22 പന്തില്‍ 42 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ ജോ ക്ലാര്‍ക്ക് എന്നിവരാണ് വെല്‍ഷിന് അനായാസ ജയം നേടിക്കൊടുത്തത്.

മത്സരത്തില്‍ വിജയിച്ചത് വെല്‍ഷ് ഫയറാണെങ്കിലും ആരാധകരുടെ മനസില്‍ വിജയം നേടിയത് ഹാരി ബ്രൂക്ക് ഒറ്റക്കായിരുന്നു. ഈ മത്സരത്തിന് മുമ്പ് തന്നെ റിട്ടേണ്‍ ടിക്കറ്റെടുത്തിരുന്ന സൂപ്പര്‍ ചാര്‍ജേഴ്‌സിനും ആരാധകര്‍ക്കും അവസാന മത്സരത്തില്‍ ബ്രൂക്കിന്റെ ഇന്നിങ്‌സ് ആശ്വസിക്കാനുള്ള വക നല്‍കിയിരുന്നു.

ഓഗസ്റ്റ് 27നാണ് ദി ഹണ്‍ഡ്രഡ് 2023ന്റെ ഫൈനല്‍ മത്സരം. ഓവല്‍ ഇന്‍വിന്‍സിബിള്‍സാണ് ഇതിനോടകം ഫൈനലില്‍ പ്രവേശിച്ച ടീം. ഓഗസ്റ്റ് 26ന് നടക്കുന്ന മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് – സതേണ്‍ ബ്രേവ് എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ കലാശപ്പോരാട്ടത്തില്‍ ഇന്‍വിന്‍സിബിള്‍സുമായി ഏറ്റുമുട്ടും.

 

Content highlight: Harry Brook’s brilliant innings in The Hundred