ഇന്ത്യന്‍ ക്യാപ്റ്റന് വിലക്കേര്‍പ്പെടുത്തി ഐ.സി.സി
Cricket news
ഇന്ത്യന്‍ ക്യാപ്റ്റന് വിലക്കേര്‍പ്പെടുത്തി ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th July 2023, 8:18 pm

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ക്രിക്കറ്റിന് കളങ്കം ചാര്‍ത്തുന്ന രീതിയില്‍ മോശമായി പെരുമാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിന് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ താരത്തെ അടുത്ത രണ്ട് മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്നും ഐ.സി.സി വിലക്കി.

ഹര്‍മന്‍പ്രീത് കൗര്‍ ഐ.സി.സിയുടെ കോഡ് ഓഫ് കണ്ടക്ട് പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 2.8ന്റെ ലംഘനം നടത്തിയതായി ഐ.സി.സി കണ്ടെത്തി. അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചതിനാണ് കടുത്ത നടപടി.

ധാക്കയില്‍ നടന്ന മത്സരത്തില്‍ അമ്പയര്‍ ലെഗ് ബിഫോര്‍ വിളിച്ച് പുറത്താക്കിയതിന് പിന്നാലെ കൗര്‍ സ്റ്റമ്പ് അടിച്ചുതെറിപ്പിക്കുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്തിരുന്നു.

മാച്ച് ഫീയുടെ 75 ശതമാനമാണ് താരത്തിന് പിഴയിട്ടത്. ഇതിന് പുറമെ നാല് ഡീമെറിറ്റ് പോയിന്റുകളും താരത്തിന് നല്‍കിയിട്ടുണ്ട്. സ്റ്റമ്പ് നശിപ്പിച്ചതിന് മൂന്ന് ഡീ മെറിറ്റ് പോയിന്റുകളും, അമ്പയറോട് മോശമായി പെരുമാറിയതിന് ഒരു ഡീമെറിറ്റ് പോയിന്റുമാണ് നല്‍കിയത്.

ഐ.സി.സിയുടെ കോഡ് ഓഫ് കണ്ടക്ട് പ്രകാരമുള്ള ലെവല്‍ ടു തെറ്റാണ് ഹര്‍മന്‍പ്രീത് ചെയ്തതെന്നും മാച്ച് ഒഫീഷ്യല്‍സും വ്യക്തമാക്കിയിരുന്നു. സ്റ്റമ്പ് അടിച്ച് തെറിപ്പിച്ചതിന് 50 ശതമാനവും പ്രസന്റേഷന്‍ സെറിമണിയില്‍ വെച്ച് ബംഗ്ലാദേശ് ക്യാപ്റ്റനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചതിനാണ് 25 ശതമാനം അധിക പിഴയിട്ടത്.

മത്സരത്തിനിടെ ബാറ്റ് കൊണ്ട് സ്ട്രൈക്കിങ് എന്‍ഡിലെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചതിന് പുറമെ അമ്പയര്‍ തന്‍വീര്‍ അഹമ്മദിനോടാണ് താരം തട്ടിക്കയറിയത്. ഇതിന് ശേഷം മത്സരം തോറ്റതിന് പിന്നാലെ പ്രസന്റേഷന്‍ സെറിമണിയില്‍ വെച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനക്കെതിരെ മോശം പരാമര്‍ശങ്ങളും നടത്തിയിരുന്നു.

Content Highlights: Harmanpreet Kaur suspended for 2 international matches