സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തി മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ 41 പന്തുകളിൽ നിന്നും പുറത്താവാതെ 91 റൺസ് നേടിയാണ് ഹർമൻ തിളങ്ങിയത്. 221.95 പ്രഹരശേഷിയിൽ 10 ഫോറുകളും അഞ്ച് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. എട്ട് റൺസകലെ തന്റെ ടി-20യിലെ രണ്ടാം സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യക്ക് വേണ്ടി കുട്ടിക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോർ നേടിയാണ് മുൻ ക്യാപ്റ്റൻ കളംവിട്ടത്. 2014ൽ ബംഗ്ലാദേശിനെതിരെ നേടിയ 77 റൺസായിരുന്നു ഹർമൻ മറികടന്നത്.

ടി-20യിൽ ഇന്ത്യക്ക് വേണ്ടി നാലാം നമ്പറിലോ അതിൽ താഴെയോ സ്ഥാനങ്ങളിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. ഈ റെക്കോഡിൽ ഒന്നാം സ്ഥാനത്തുള്ളതും ഹർമൻ തന്നെയാണ് 2018 ടി-20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ 103 റൺസാണ് ഹർമന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഹർമന് പുറമെ ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമയും അർധ സെഞ്ച്വറി നേടി തിളങ്ങി. 37 പന്തുകളിൽ നിന്നും 67 റൺസാണ് ഷെഫാലി നേടിയത്. ആറ് ഫോറുകളും അഞ്ച് സിക്സുകമാണ് ഷെഫാലിയുടെ ബാറ്റിൽ നിന്നും പിറന്നത്. അനുഷ്ക ബ്രിജ്മോഹൻ ശർമ 28 റൺസും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് അടിച്ചെടുത്തത്.

സിംബാബ്‌വേ ബൗളിങ്ങിൽ ബിലോവ്ഡ് ബിസ മൂന്ന് വിക്കറ്റുകളും ന്യാഷ ഗ്വാൻസുറ, നോംവെലോ സിബാണ്ട, ടെൻഡായി മകുഷ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ മത്സരം കൂടി വിജയിച്ച് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ഇറങ്ങുക.

 

Content Highlight: Harmanpreet Kaur create a huge record in women’s T20I