ക്രൈം വില്ലന്‍ പ്രണയം; ഒരു ടോക്സിക് ത്രയം
Minnal murali
ക്രൈം വില്ലന്‍ പ്രണയം; ഒരു ടോക്സിക് ത്രയം
ഹരിത എം
Wednesday, 29th December 2021, 4:22 pm

2000ല്‍ ജീവിച്ചിരുന്ന ഒരു ശരാശരി മലയാളിയുടെ പ്രണയഭാവനയെന്നത് കാമുകിയെ സദാ പിന്തുടര്‍ന്ന് ശല്യം ചെയ്ത് അവളെക്കൊണ്ട് തന്നെ സ്വീകരിപ്പിക്കുക എന്നതായിരുന്നു (Stalking). അത് നോര്‍മലൈസ് ചെയ്യാനും കാല്‍പനികവല്‍ക്കരിക്കാനും അക്കാലത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും തയ്യാറായിട്ടുമുണ്ട്. പിന്നീട് ഈ വികാരത്തിന് അനേകം വ്യാഖ്യാനങ്ങളും വായനകളും വന്നുപോയി.

കാലവും ടെക്‌നോളജിക്കല്‍ സംസ്‌കാരവും മാറുന്നതിനനുസരിച്ച് പ്രണയത്തിന്റെ സിനിമാറ്റിക് ഭാവനകള്‍ക്കും രൂപമാറ്റമുണ്ടായി. ഓഫീസിലും വീട്ടിലും എന്നുതുടങ്ങി പോകുന്നിടത്തെല്ലാം പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന കാമുകന്മാര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി വിര്‍ച്വല്‍ സ്റ്റോക്കിങ് ആരംഭിച്ചു.

കലിപ്പന്‍-കാന്താരി മോഡ് പ്രണയങ്ങള്‍ പിന്നീടാണ് ജനകീയവല്‍ക്കരിക്കപ്പെടുന്നത്. ദേഷ്യം മാനേജ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന, ആല്‍ഫാ മെയില്‍ (Alpha Male) ആയ കലിപ്പന്‍ കാമുകന്റെ നിഴലും അടിമയുമായി ജീവിക്കുന്ന കാന്താരി എന്ന ടോക്‌സിക് സമഭാവനയെ സോഷ്യല്‍ മീഡിയയും അര്‍ജുന്‍ റെഡ്ഡി പോലെയുള്ള സിനിമകളും മാര്‍ക്കറ്റ് ചെയ്തു.

96 പോലെയുള്ള സിനിമകള്‍, ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ആകസ്മികമായി വന്നുപെട്ട പ്രണയത്തിന്റെ അനുഭൂതിയില്‍ ജീവിതം തന്നെ ഫ്രീസ് ചെയ്തുവെച്ച് കാത്തിരിക്കുന്ന പ്ലേറ്റോണിക്കും നിസ്സഹായരുമായ നായകന്മാരെ സമാന്തരമായി അവതരിപ്പിച്ചു. പ്രണയത്തിന്റെ ഉദാത്തഭാവം എന്ന നിലക്ക് 96ലെ ‘റാം’ ആഘോഷിക്കപ്പെടുകയുണ്ടായി.

ഓരോ കാലത്തും ആ കാലത്തിന് ചേര്‍ന്നതോ ചേരാത്തതോ ആയ പ്രണയത്തിന്റെ ഒരു ആദര്‍ശമാതൃക ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടേയിരുന്നു.

വികലമായ വൈകാരിക പരാശ്രയത്വവും (emotional dependence) ഒബ്‌സെഷനുമാണ് (Obsession) പ്രണയമെന്ന് പറഞ്ഞുവെച്ചുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ബേസില്‍ ജോസഫിന്റെ ‘മിന്നല്‍ മുരളി’ എന്ന സിനിമ കടന്നുപോകുന്നത്.

സ്പെക്റ്റക്യുലര്‍ ഫിക്ഷന്‍ (spectacular fiction)/ സൂപ്പര്‍ഹീറോ മൂവീസ് ഴാനറില്‍ മലയാളത്തില്‍ ഇറങ്ങുന്ന ആദ്യ സിനിമയാണ് മിന്നല്‍ മുരളി. മിന്നല്‍ മുരളി എന്ന അതിമാനുഷന്‍ ആ സിനിമയില്‍ രണ്ടാം തരക്കാരനാണ്. ഷിബു എന്ന പ്രതിനായകന്റേതാണ് കഥ. അയാളുടെ പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും വിവരണമാണ് സിനിമയുടെ കാതല്‍.

മനോനിലയില്‍ പൊരുത്തക്കേടുകളുള്ള ഷിബുവിന്റെ പ്രണയത്തെ ആഘോഷിക്കുന്ന സമകാലിക കേരളീയ സാഹചര്യം അല്‍പം പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ട ഒന്നാണ്. ഉഷ എന്ന കഥാപാത്രത്തോടുള്ള ഷിബുവിന്റെ പ്രണയത്തെ സിനിമ അവതരിപ്പിച്ചതിലും, അത് ആഘോഷിക്കപ്പെടുന്ന വിധവും ഭയപ്പെടുത്തുന്ന ചില വാദമുഖങ്ങളെ മുന്നിലേക്കിട്ട് തരുന്നു.

കഠിനമായ അഭിനിവേശത്തില്‍ നിന്ന് വരുന്ന പരാശ്രയത്വമാണ് മാനസികാവസ്ഥയില്‍ പാകപ്പിഴകളുള്ള ഷിബുവില്‍ പ്രണയമെന്ന വ്യാജേന നിലനിന്ന് വരുന്നത്. എന്നിരിക്കിലും പ്രണയം എന്ന ഏക ഡയമന്‍ഷനില്‍ ഷിബുവിനെ ഉള്‍ക്കൊള്ളിക്കാന്‍ സിനിമ ശ്രമിച്ചിട്ടില്ല. സംസ്‌കരിക്കപ്പെടാത്ത ക്രൗര്യം സൂക്ഷ്മതയില്‍ പുതഞ്ഞു കിടക്കുന്ന അയാളുടെ വ്യക്തിഘടനയില്‍ പ്രണയം പരാവര്‍ത്തനം ചെയ്യപ്പെട്ട് കിടക്കുക മാത്രമാണ് ചെയ്യുന്നത്.

ആകെയുണ്ടായിരുന്ന സുഹൃത്തിനെ കുത്തിക്കൊന്ന കാളയെ ജീവനോടെ കത്തിച്ചുകൊന്ന ഏഴ് വയസുകാരനായ ഷിബുവിലെ ക്രിമിനല്‍ അഭിവാഞ്ജയുടെ റഫറന്‍സ്, അയാളില്‍ സ്വാഭാവികമായി രൂപപ്പെട്ട/നിര്‍മിക്കപ്പെട്ട വില്ലനിസത്തിന്റെ ആഴത്തെ അടയാളപ്പെടുത്തുന്നുണ്ട്. പ്രായത്തിനൊക്കാത്ത പ്രതികാരബുദ്ധിയും അത് പ്രാവര്‍ത്തികമാക്കാന്‍ കണ്ടെത്തുന്ന മാര്‍ഗവും തുലനം ചെയ്തുകൊണ്ടാണ് അയാളുടെ വ്യക്തിജീവിതത്തെ വായിക്കേണ്ടത്.

ജീവിതത്തിലുടനീളം വില്ലനിസത്തിന്റെ മൈക്രോ ഷേഡില്‍ ആണ് അയാള്‍ ജീവിച്ചത്. അതിനെ പുറത്തുവിടുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന എക്സ്റ്റസിയുടെ (Ecstasy) കിക്കുകള്‍ സിനിമയില്‍ പലയിടത്തായി വീണുകിടപ്പുണ്ട്.

ഉഷയുടെ ജീവിതത്തില്‍ നീണ്ട 28 വര്‍ഷങ്ങള്‍ ഷിബു ഉണ്ടായിട്ടില്ല. അതിനര്‍ത്ഥം ഇടപെടാനുള്ള സാഹചര്യങ്ങളെ അയാള്‍ നിരാകരിക്കുകയായിരുന്നു എന്നല്ല. അവളുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ കൃത്യമായൊരു സാഹചര്യം ഒത്തുവന്നപ്പോള്‍ അത് ഉപയോഗപ്പെടുത്തുകയും, അതിന് തടസമായി അണിനിരന്ന മുഴുവന്‍ ആളുകളെയും (അവര്‍ വിഭിന്ന തരത്തില്‍ ടോക്‌സിക്ക് ആണെങ്കില്‍ കൂടി) നശിപ്പിക്കുകയും ചെയ്താണ് അയാള്‍ അവളുടെ ജീവിതത്തിലേക്ക് സഞ്ചരിച്ചത്.

എന്നാല്‍ അയാളുടെ വിഷമയമായ പ്രണയത്തിന്റെ പങ്കുപറ്റാന്‍ ‘യോഗമില്ലാതെ’ ഉഷ കൊല്ലപ്പെടുകയാണ്. കൊല്ലപ്പെടുന്നതിന് മുന്‍പ്, തന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ വേണ്ടി അയാള്‍ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളെക്കുറിച്ച് ഒന്നുമറിയാതെ, അയാളുടെ പ്രണയത്തെ മാത്രം മുഖവിലക്കെടുത്തുകൊണ്ട് അവളയാളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

ഈ സന്ദര്‍ഭത്തെയാണ് സോഷ്യല്‍ മീഡിയയും സാംസ്‌കാരിക ബുദ്ധിജീവികളും ‘ഉദാത്തമായ പ്രണയരംഗം’ എന്ന രീതിയില്‍ ഉദ്ഘോഷിക്കുന്നത്. ഈ അവസരത്തെ ഒന്ന് തലതിരിച്ചിട്ടാല്‍ ഇതിനകത്തെ പ്രണയമെന്ന് വിവക്ഷിക്കപ്പെടുന്ന വികാരത്തിന്റെ ഭീകരത വ്യക്തമാകും.

              സിനിമയില്‍ നിന്നുള്ള ഷിബു-ഉഷ കഥാപാത്രങ്ങളുടെ ഒരു രംഗം

ആള്‍ക്കൂട്ടാക്രമണത്തിന്റെ ഭാഗമായി ഉഷ കൊല്ലപ്പെട്ടിട്ടില്ല എന്ന് വിചാരിക്കുക, അയാളുമായി അവള്‍ ഒരുമിച്ച് ജീവിച്ചു എന്നും കരുതുക. പിന്നീടെപ്പോഴെങ്കിലും അവള്‍ക്ക് അയാളുടെ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോരണമെന്ന് തോന്നിയാല്‍ അയാള്‍ ആ തീരുമാനത്തെ ചെറുക്കുന്നത് അവളെ കൊലപ്പെടുത്തിക്കൊണ്ടാവും. കാരണം, തന്നെ തുല്യതയോടെ പരിഗണിച്ച വ്യക്തികളുടെ നഷ്ടത്തെ അയാള്‍ നേരിടുന്നത് അവര്‍ക്ക് കൃത്യമായ നാശനഷ്ടങ്ങള്‍ തിരികെ കൊടുത്തുകൊണ്ടാണ്. അവര്‍ അയാളുടെ ജീവിതത്തില്‍ ഇടപെടുകയും ശേഷം ഇറങ്ങിപ്പോരുകയും ചെയ്താല്‍, ഇതേ പ്രണയം/സൗഹൃദം തന്നെ അവരെ വധിക്കാനുള്ള അയാളുടെ പ്രേരണയായും മാറും.

ക്രൈമിന്റെ സ്വാഭാവികമായ ഒരുക്കപ്പെടലിലേക്ക് പ്രണയം എങ്ങനെയാണ് വഴിതെളിച്ചത് എന്ന കാഴ്ചയെ യുക്തിഭദ്രതയോടെ മിന്നല്‍ മുരളി സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. നായകനിലെ മൂല്യബോധത്തെയോ ധാര്‍മികതയെയോ ഏറ്റെടുക്കുന്നതിന് മുന്‍പ്, വില്ലനാല്‍ നിര്‍മിക്കപ്പെടുന്ന തിന്മയുടെ കുറച്ചുകൂടി സ്‌റ്റൈലിഷ് ആയ പ്രതിബോധത്തില്‍ മലയാളി അഭിരമിച്ച് തുടങ്ങിയിട്ട് കുറച്ചു കാലമായി.

സംരക്ഷിത കവചത്തിനുള്ളില്‍ നിന്നുകൊണ്ട്/ അങ്ങനെ വിശ്വസിച്ചുകൊണ്ട് ഒരു ക്രൈം ചെയ്യാന്‍ ‘മോറല്‍ ഹിപ്പോക്രസി’യുടെ (Moral Hypocrisy) സഹായം മനുഷ്യന്‍ തേടാറുണ്ട്.

‘ഇന്ന ആളോടുള്ള പ്രണയത്താല്‍’, ‘ഇന്ന വ്യക്തിയെ സഹായിക്കാന്‍ വേണ്ടി’, ‘പ്രതികാരം ഒരു മോറല്‍ ബാധ്യതയായി മാറുമ്പോള്‍’- ഇത്തരം സാഹചര്യങ്ങളില്‍, വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ ധാര്‍മികമായി എന്ന് തോന്നുന്ന ആവശ്യങ്ങളെ പൂര്‍ത്തികരിക്കാന്‍ വേണ്ടി ക്രൈമില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ നിന്ന് ധാര്‍മികത എന്ന ‘ബാധ്യതയെ’ ഈ ബോധ്യമുപയോഗിച്ച് തഴയാനാവും.

ഇതിന്റെ പരിധിയില്‍ മനുഷ്യന്‍ നടത്തുന്ന ആന്റിസോഷ്യല്‍ അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി ന്യായീകരിക്കപ്പെടും. അതുവഴി ക്രൈമിന്റെ കാഴ്ചക്കാരനോ കേള്‍വിക്കാരനോ ആകുന്ന മൂന്നാമന് ക്രൈമില്‍ ഉള്‍പ്പെട്ട വ്യക്തിയോട് അനുതാപപ്പെടാന്‍ അബോധമായി അവസരം ലഭിക്കും.

മിന്നല്‍ മുരളിയിലേക്ക് വന്നാല്‍ ഷിബുവിന്റെ ക്യാരക്റ്റര്‍ എസ്റ്റാബ്ലിഷ്മെന്റില്‍ പിണഞ്ഞുകിടക്കുന്ന ഒരു നിസ്സഹായതയുണ്ട്. തന്റെ കീറിയ പഴ്‌സ് കണ്ടെത്തിത്തരണമെന്ന് അയാള്‍ പൊലീസിനോട് അപേക്ഷിക്കുന്നത് മുതല്‍ പ്രേക്ഷകന്‍ ഷിബുവുമായി ഒരു ഇമോഷണല്‍ കോണ്‍ട്രാക്റ്റില്‍ (Emotional Contract) ഒപ്പുവെച്ച് തുടങ്ങുന്നു.

അവിചാരിതമായി ആ പഴ്‌സ് കണ്ടെടുക്കുമ്പോള്‍ ആ ആഹ്ളാദത്തെ അടയാളപ്പെടുത്താന്‍ അയാള്‍ ഉപയോഗിക്കുന്ന ശരീരഭാഷയില്‍ ബോധപൂര്‍വമല്ലാതെ കടന്നുവന്ന ഒരു കുട്ടിയുടെതിന് തുല്യമായ ‘നിഷ്‌കപടത’യുണ്ട് എന്ന് കാണാം. ഈ ആഹ്ലാദം, ഷിബു സ്വീകരിക്കുന്നതിന്റെ പകുതിയെങ്കിലും വികാരവായ്പോടെ അയാളില്‍ നിന്ന് ഏറ്റുവാങ്ങുന്ന ആരും അയാള്‍ക്ക് ചുറ്റുമില്ല എന്നും കാണാം. ആദ്യമായി ഈ സന്ദര്‍ഭത്തെയാണ് ഷിബുവിലേക്ക് പ്രേക്ഷകന് നിര്‍ലോഭം സഞ്ചരിക്കാനുള്ള പാലമായി ബേസില്‍ വിഭാവനം ചെയ്തത്.

വര്‍ഷങ്ങളായി യാതൊരു പ്രതീക്ഷകളുമില്ലാതെ കാത്തിരിക്കുന്നൊരു പ്രണയത്തിന്റെ വക്താവ് കൂടിയാണ് അയാള്‍ എന്നുവരുമ്പോള്‍ ഒരു കൊലപാതകമൊക്കെ അതിന്റെ ഭാഗമായി ഷിബു ചെയ്താലും അതത്ര സാരമാക്കാനില്ല എന്ന നോര്‍മലൈസേഷനില്‍ സിനിമ നിര്‍ബന്ധപൂര്‍വ്വം പ്രേക്ഷകനെ എത്തിക്കുന്നു.

അവിടെ മുതലാണ്, ജെയ്സണ്‍ എന്ന കേന്ദ്രകഥാപാത്രത്തെ മുന്നില്‍ നിര്‍ത്തി ഷിബുവിന്റെ കഥയാണ് മിന്നല്‍ മുരളി പറയുന്നത് എന്ന തോന്നല്‍ ഉണ്ടാകുന്നത്. കാരണം സൂപ്പര്‍ഹീറോ ആകാനുള്ള ജെയ്സണിന്റെ കാരണങ്ങള്‍ക്ക്, വില്ലനാകാനുള്ള ഷിബുവിന്റെതിനേക്കാള്‍ ബലക്കുറവ് കാഴ്ചക്കാരന് അനുഭവപ്പെട്ട് തുടങ്ങി എന്നതാണ്.

ജെയ്സണിന്റെ കഥക്കും അയാളില്‍ യാന്ത്രികമായി രൂപംകൊള്ളുന്ന രക്ഷകപരിവേഷത്തിനും പ്രേക്ഷകനുമായി വൈകാരികബന്ധം ഉണ്ടാക്കിയെടുക്കാന്‍ ഉപരിപ്ലവമായി മാത്രമേ സിനിമ ശ്രമിച്ചിട്ടുള്ളു. സമയമെടുത്ത് ബില്‍ഡ് ചെയ്തത് വില്ലനും പ്രേക്ഷകനും തമ്മിലുള്ള താദാത്മ്യപ്പെടലാണ്. അപ്പോള്‍ മുതല്‍ ഷിബു ചെയ്യുന്നതിനെ ന്യായീകരിക്കാനുള്ള അബോധമായ ഒരു താല്‍പര്യം പ്രേക്ഷകന്‍ ഉണ്ടാക്കിയെടുക്കുന്നു.

അയാളിലെ ക്രിമിനലിനെ ഉണ്ടാക്കിയത് സമൂഹമാണല്ലോ, ആ സമൂഹത്തിനോട് അയാള്‍ പക പോക്കുന്നതില്‍ എന്താണ് തെറ്റ് (ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഒരു സാമൂഹിക ആവാസ വ്യവസ്ഥയാണ് അവിടെയും സമൂഹം) എന്ന് പ്രേക്ഷകന് സ്വമേധയാ തീര്‍പ്പ് കല്‍പ്പിക്കാനുള്ള ബാക്ക്‌സ്റ്റോറി കൂടി ഷിബുവിന് കൊടുക്കുമ്പോള്‍ ഈ സര്‍ക്കിള്‍ പൂര്‍ത്തിയാവുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, അധഃകൃതനായി തുടരുന്ന ഒരാള്‍ അയാളുടെ സൈക്കിക്ക് ഒബ്‌സെഷന്‍ (Psychic Obsession) പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ഒരു കൊലപാതകം നടത്തിയാലും അത് ന്യായീകരിക്കപ്പെടാം- എന്ന സാമൂഹികവിരുദ്ധ ആശയത്തെയാണ് അബോധമായി സിനിമ പിന്താങ്ങുന്നത്.

ഈ ഘട്ടത്തിലാണ്, ഒരു ശരാശരി മലയാളി സിനിമാസ്വാദകന്‍ ഷിബുവിലെ ക്രിമിനലിന്റെ പ്രവര്‍ത്തികളിലെ പൈശാചികതയെ കാല്‍പനികവല്‍ക്കരിച്ച് തുടങ്ങുന്നത്. ഉഷയോടുള്ള അയാളുടെ ടോക്‌സിക് ഒബ്‌സെഷനെ പ്രണയമെന്ന് തെറ്റിദ്ധരിച്ച് തുടങ്ങുന്നതും ഇവിടെ മുതലാണ്. തന്നെ തങ്ങള്‍ക്കൊപ്പം പോന്നൊരു മനുഷ്യനായി അംഗീകരിച്ച ഓരോരുത്തരെയും അയാള്‍ ഉഷയെ പരിഗണിച്ച വിധത്തില്‍ തന്നെയാവാം സമീപിച്ചിരിക്കുക. തന്റെ കൂടെ നില്‍ക്കുന്ന, തന്നെ ഒപ്പം നിര്‍ത്തുന്നുവെന്ന് തോന്നിപ്പിച്ച മനുഷ്യരുടെ നഷ്ടങ്ങളുടെ കാരണക്കാരോട് അയാള്‍ പകവീട്ടി വന്നതും ഒരേ രീതിയിലാണ്.

തന്നോട് കരുണ കാണിച്ച മനുഷ്യര്‍ തുലോം കുറവായിരുന്നു, എന്ന ഷിബുവിന്റെ അന്യതാബോധത്തില്‍ നിന്ന് പ്രേക്ഷകന്‍ സഹാനുഭൂതി സ്വാഭാവികമായി സ്വരൂപിക്കുന്നു. അതിനാല്‍ ജീവിതത്തിലുടനീളം തന്റേതെന്ന് തോന്നിപ്പിച്ച മനുഷ്യരെ സ്വന്തമാക്കാന്‍ അയാള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രേക്ഷകര്‍ അബോധമായിത്തന്നെ അനുമതി നല്‍കുന്നു.

പ്രണയ കൊലപാതകത്തെ ന്യായീകരിക്കുന്ന സാംസ്‌കാരിക സംവിധാനം മുന്‍പത്തെക്കാള്‍ ശക്തിപ്പെട്ട ഒരു കാലത്തിലേക്കാണ് ഷിബു വരുന്നത്. തന്റെ ഇംഗിതത്തിന് വഴങ്ങാത്ത ആരെയും എന്തിനെയും നശിപ്പിച്ചു കളയുക, എന്ന ചികിത്സ ആവശ്യമുള്ളൊരു ആന്റി സോഷ്യല്‍ സെന്‍സിബിലിറ്റിയെയാണ് പ്രത്യക്ഷത്തില്‍ അയാള്‍ പ്രതിനിധീകരിക്കുന്നത്.

സ്വന്തം താല്‍പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും/ ആരേയും ഒഴിവാക്കുക എന്ന ഗോത്രവൈകാരികത ഉല്‍പാദിപ്പിക്കുന്ന കൊലപാതകങ്ങളെ, അതിന്റെ ഇന്ധനമായി വര്‍ത്തിക്കുന്ന അപകടകരമായ ഇമോഷണല്‍ ബാന്ധവങ്ങളെ, ടോക്‌സിക് ഒബ്‌സെഷനെ പ്രണയമെന്ന് അടിവരയിടുകയാണ് ഷിബു-ഉഷ ബന്ധം.

ഇത് ആഘോഷിക്കപ്പെടുമ്പോള്‍ മാനസികരോഗവും അതിന്റെ പ്രത്യാഘാതങ്ങളുമാണ് സമാന്തരമായി ആഘോഷിക്കപ്പെടുന്നത്. അതിന് ദൂരവ്യാപകമായ സാംസ്‌കാരികാഘാതങ്ങള്‍ ഉണ്ടാക്കാനാകും എന്നോര്‍മിക്കുന്നത് നല്ലതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Haritha M writes about the Toxic, criminal love in Cinema, especially in Minnal Murali

ഹരിത എം
Research student at Calicut University, holds Masters Degree in Journalism and Malayalam