| Wednesday, 2nd July 2025, 3:48 pm

ഒപ്പമുണ്ടായിരുന്ന പലരും വിട്ടുപോയി, വല്ലാത്ത നഷ്ടബോധമുണ്ട്; അദ്ദേഹത്തിൻ്റെ ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു: ഹരിശ്രീ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിശ്രീ എന്ന മിമിക്‌സ്‌ ട്രൂപ്പിലൂടെ സിനിമയിലെത്തിയ നടനാണ് ഹരിശ്രീ അശോകൻ. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിലൂടെ തൻ്റെ കരിയർ ആരംഭിച്ചു. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളരുകയായിരുന്നു.

പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന ഹാസ്യകഥാപാത്രമാണ് ഹരിശ്രീ അശോകൻ്റെ കരിയറിൽ വഴിത്തിരിവായത്. അദ്ദേഹത്തിൻ്റെ മകനായ അർജുനും മലയാള സിനിമയിൽ സജീവമാണ്. ഇപ്പോൾ താടി ഇല്ലാതെ അഭിനയിച്ചതിനെക്കുറിച്ചും മൺമറഞ്ഞുപോയ നടൻമാരെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

താടി ഇല്ലാതെ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും എന്നാല്‍ ആ സിനിമകളൊന്നും നന്നായി ഓടിയില്ലെന്നും നടൻ പറഞ്ഞു. അശോകന് താടി ഇല്ലാത്തത് കൊണ്ടാണ് സിനിമ വിജയിക്കാത്തതെന്ന് ആരോ പറഞ്ഞുവെന്നും അതിനുശേഷം താടി എടുക്കേണ്ടി വന്നിട്ടില്ലെന്നും അശോകൻ പറയുന്നു.

ഒപ്പമുണ്ടായിരുന്ന പലരും വിട്ടുപോയി, അതില്‍ നഷ്ടബോധം ഉണ്ടെന്നും അവരില്‍ പലരും താങ്ങും തണലുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഹനീഫയുടെ മിമിക്രി കണ്ട് അനുകരിച്ചാണ് താന്‍ സ്റ്റേജില്‍ എത്തിയതെന്നും ഇവരെല്ലാം പോയപ്പോള്‍ അത്തരത്തിലുള്ള കഥാപാത്രങ്ങളും ഇല്ലാതായെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു.

‘താടി ഇല്ലാതെ വളരെകുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചില സിനിമകളില്‍ താടിയില്ലാതെ അഭിനയിച്ചു. കഷ്ടകാലത്തിന് ആ സിനിമകളൊന്നും നന്നായി ഓടിയില്ല. അശോകന് താടി ഇല്ലാത്തത് കൊണ്ടാണ് സിനിമ ഓടാത്തതെന്ന് ആരോ പറഞ്ഞു. അതിനുശേഷം എനിക്ക് ബ്ലേഡിന്റെ കാശ് ലാഭമായി. എനിക്ക് താടി എടുക്കേണ്ടി വന്നിട്ടില്ല.

ഒപ്പമുണ്ടായിരുന്ന പലരും വിട്ടുപോയി. വല്ലാത്ത നഷ്ടബോധം ഉണ്ട് എനിക്ക്. അവരില്‍ പലരും എനിക്ക് താങ്ങും തണലും ആയിരുന്നു. കൊച്ചിന്‍ ഹനീഫയുടെ പൊട്ടിച്ചിരി ഒരു കെട്ടിപ്പിടുത്തം ആണെന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ട്. ആ ചിരിയില്‍ എല്ലാം ഉണ്ട്.

ഹനീഫയുടെ മിമിക്രി കണ്ട് അദ്ദേഹത്തെ അനുകരിച്ചാണ് ഞാന്‍ സ്റ്റേജില്‍ എത്തുന്നത്. ഇവരെല്ലാം പോയപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഇല്ലാതായി,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content Highlight: Harisree Ashokan Talking about Cochin Haneefa and Film Career

We use cookies to give you the best possible experience. Learn more