ഹരിശ്രീ എന്ന മിമിക്സ് ട്രൂപ്പിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ താരമാണ് ഹരിശ്രീ അശോകൻ. ഹാസ്യ താരമായി വന്ന അശോകൻ പിന്നീട് ക്യാരക്ടർ റോളുകളിലും നിറ സാന്നിധ്യമാകുകയായിരുന്നു.
ഒരു പിടി മികച്ച കഥാപാത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ടെങ്കിലും പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രത്തിൽ താൻ ആഗ്രഹിച്ച് അഭിനയിച്ച ഒരു രംഗം എടുത്ത് കളഞ്ഞതിനെ കുറിച്ച് പറയുകയാണ് താരം. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അശോകൻ.
ആ സീനിനെ കുറിച്ച് പറയുമ്പോൾ ഒരുപാട് ഓർമകളുണ്ടെന്ന് അശോകൻ പറയുന്നു. ‘ഞാനും ഡയറക്ടർ സിദ്ദിക്കും ഓഫീസിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സരിത വിളിക്കുന്നത്. സിനിമയിൽ ഡബ്ബ് ചെയ്ത സരിത, ആ സീൻ കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി,’ അശോകൻ പറഞ്ഞു.
അന്നേ രാത്രി റാഫിയെ വിളിച്ച് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ, ആ സീൻ ഒഴിവാക്കുമെന്ന് അദ്ദേഹം മറുപടി നൽകിയതായി അശോകൻ പറയുന്നു. ‘എനിക്ക് വലിയ സങ്കടമായി. കാരണം ഏറെ പ്രതീക്ഷയോടെ ചെയ്ത ഒരു സെന്റിമെന്റ് സീൻ ആയിരുന്നു അത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് ഒഴിവാക്കിയ രംഗങ്ങളെ കുറിച്ചും അശോകൻ സംസാരിച്ചു. ‘ദിലീപ് അഭിനയിച്ച കഥാപാത്രം സംസാരിക്കാൻ തുടങ്ങുന്ന ഒരു പ്രധാന മുഹൂർത്തത്തിന് ശേഷമുള്ള രംഗമായിരുന്നു അത്. ദിലീപിന്റെ കഥാപാത്രത്തെ ഒരു മുറിയിൽ കൊണ്ടുപോയി ചോദ്യം ചെയ്യുകയും, ഒരു അടിയടിക്കുകയും, പിന്നീട് ‘രമണ’ എന്ന് വിളിക്കുന്ന ഭാഗങ്ങളും ഉണ്ടായിരുന്നു.
തുടർന്ന്, പടിയിൽ ഇരുന്ന് കഞ്ഞി കുടിക്കുന്ന ഒരു വികാരഭരിത രംഗവും അതിനൊപ്പം ചേർന്നു. എനിക്ക് കഞ്ഞി കുടിക്കാൻ കഴിയാതെ ഇരിക്കുന്ന അവസ്ഥയിൽ, ദിലീപ് എന്റെ തോളിൽ കൈവെച്ച് ‘നിനക്കെന്നോട് ദേഷ്യമാണോ’ എന്ന് ചോദിക്കും.
അതിന് ഞാൻ ‘സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്നവനാണ് രമണൻ’ എന്ന് പറയുന്ന ഇമോഷണൽ ഡയലോഗുകൾ ഉണ്ടായിരുന്നു. അവസാനം ഞാൻ കരയും. അത് ഒരു ഒറ്റ ഷോട്ട് ആയിരുന്നു. ഷോട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കൈയടിച്ചു,; അദ്ദേഹം ഓർമിച്ചു.
എന്നാൽ, ഈ സീൻ ഒഴിവാക്കുമെന്ന് അറിഞ്ഞപ്പോൾ അതീവ വിഷമം തോന്നിയതായും അശോകൻ പറയുന്നു. ‘ഇത് കളയാനാണ് എങ്കിൽ എന്തിനാണ് ഷൂട്ട് ചെയ്തത് എന്ന് ഞാൻ റാഫിയോട് ചോദിച്ച് ദേഷ്യപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.
ചിത്രം റിലീസ് ചെയ്ത ശേഷം ആദ്യ ദിവസം തന്നെ വലിയ വിജയമായതോടെ, ‘ഇനിയെങ്കിലും ആ സീൻ ഉൾപ്പെടുത്താമോ’ എന്ന് വീണ്ടും റാഫിയോട് ചോദിച്ചതായും അശോകൻ വെളിപ്പെടുത്തി. എന്നാൽ, ‘ആ സീൻ ഇനി ഇട്ടാൽ അശോകനെ ആളുകൾ കണ്ണ് വെക്കും’ എന്നായിരുന്നു റാഫിയുടെ മറുപടിഎന്നും അശോകൻ കൂട്ടിച്ചേർത്തു. ‘ഇന്നും ആ സീൻ മുഴുവനായി കണ്ടാൽ എനിക്ക് കരച്ചിൽ വരും,’ എന്നും വികാരഭരിതനായി ഹരിശ്രീ അശോകൻ പറഞ്ഞു.
Content Highlight: Harisree Ashokan talk about the Movie Panjabi House
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.