പൊട്ടന്‍ഷ്യല്‍ തെളിയിച്ച് ഹരിശ്രീ അശോകന്‍; പ്രശംസ നേടി പ്രതിഛായയിലെ പുരുഷോത്തമന്‍
Malayalam Cinema
പൊട്ടന്‍ഷ്യല്‍ തെളിയിച്ച് ഹരിശ്രീ അശോകന്‍; പ്രശംസ നേടി പ്രതിഛായയിലെ പുരുഷോത്തമന്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 30th March 2026, 5:31 pm

ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് ഒരു പവര്‍ പാക്ക് പൊളിറ്റിക്കല്‍ ത്രില്ലര്‍ മലയാള സിനിമയിലേക്കെത്തുന്നത്. ഉണ്ണികൃഷ്ണന്‍.ബി സംവിധാനം ചെയ്ത് നിവിന്‍ പോളിയും ബാലചന്ദ്ര മേനോനും പ്രധാനവേഷത്തിലെത്തിയ പ്രതിഛായ മലയാളത്തില്‍ ഇന്നേവരെ പുറത്തിറങ്ങിയ വിശാലമായ ക്യാന്‍വാസുള്ള പൊളിറ്റിക്കല്‍ ചിത്രങ്ങളിലൊന്നാണെന്നതില്‍ സംശയമില്ല. കെ.എന്‍ വര്‍ഗീസെന്ന മുഖ്യമന്ത്രിയെയും മകനെയും ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിലെ കാസ്റ്റിങ്ങും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഴോണറില്‍ മലയാളത്തില്‍ നിന്നും കണ്ടുവന്നിരുന്ന കാസ്റ്റിങ്ങില്‍ നിന്നും വ്യത്യസ്തമായിരുന്നു സംവിധായകന്റെ തെരഞ്ഞെടുപ്പുകള്‍. ബാലചന്ദ്ര മേനോന് പുറമെ നിഷാന്ത് സാഗര്‍, ഹരിശ്രീ അശോകന്‍, മണിയന്‍ പിള്ള രാജു, ഷറഫുദ്ദീന്‍, കെ.എന്‍. വര്‍ഗീസിന്റെ ഭാര്യയായെത്തിയ അഭിനേത്രി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പുതുമയുള്ള അനുഭവമായിരുന്നു. ഇതില്‍ എടുത്തുപറയേണ്ട കഥാപാത്രമായിരുന്നു ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച പുരുഷോത്തമന്‍.

പ്രതിഛായ. Photo: Filmibeat

കോമഡി വേഷങ്ങളിലൂടെ പതിറ്റാണ്ടുകളോളം പ്രേക്ഷകരെ രസിപ്പിച്ച താരം അടുത്തിടെ ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതിഛായയിലെ വില്ലന്‍ ഷേഡുള്ള കഥാപാത്രം പ്രേക്ഷകരിലേക്ക് മികച്ച രീതിയില്‍ തന്നെ കണക്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. കെ.എന്‍ വര്‍ഗീസിന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുകൊണ്ട് മുഖ്യമന്ത്രി പദത്തിന് വേണ്ടി കരുക്കള്‍ നീക്കുന്ന കുലംകുത്തിയായാണ് ചിത്രത്തില്‍ അശോകന്‍ വേഷമിടുന്നത്.

ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ കഥാപാത്രത്തിന്റെ ഉദ്ദേശം വെളിപ്പെടുത്തുന്ന രീതിയില്‍ പ്രേക്ഷകരിലേക്ക് പുരുഷോത്തമനെ എത്തിക്കാന്‍ ഹരിശ്രീ അശോകന്റെ അഭിനയത്തിന് സാധിക്കുന്നുണ്ട്. അഭിനയപ്രധാന്യമുള്ള പല രംഗങ്ങളും ഹരിശ്രീ അശോകന്‍ കൈയടക്കത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ചിത്രത്തിലെ പല രംഗങ്ങളിലും വ്യക്തമാണ്.

മൈന്യൂട്ട് ആയിട്ടുള്ള എക്‌സപ്രഷനുകള്‍ മുതല്‍ കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സൗണ്ട് മോഡുലേഷനുകള്‍ വരെ എടുത്തുപറയേണ്ടതാണ്. ചിത്രത്തില്‍ കേരളം ഭരിക്കുന്ന കെ.എന്‍.പി.സിയുടെ സംസ്ഥാന പ്രസിഡന്റായിട്ടാണ് ഹരിശ്രീ അശോകന്‍ വേഷമിടുന്നത്. പാര്‍ട്ടിക്കുള്ളില്‍ വലിയ ഹോള്‍ഡുള്ള, എന്നാല്‍ താനാഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കഥാപാത്രം ചിത്രത്തിലെ പ്രധാന വില്ലനായ ഷറഫുദ്ദീനൊപ്പം തന്നെ കളം പിടിക്കുന്നുണ്ട്.

പല രംഗങ്ങളിലും ഫുള്‍ ലെങ്ത് ഡയലോഗില്ലാത്ത ഹരിശ്രീ അശോകന് തന്റെ സാന്നിധ്യം കൊണ്ടുതന്നെ സീനില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നത് ഒരു നടനെന്ന നിലയില്‍ താരത്തിന്റെ മികവാണ്. സ്‌ക്രീനില്‍ താരത്തെ കാണുമ്പോള്‍ തന്നെ ചിരിച്ച് തുടങ്ങുന്ന കാലത്ത് നിന്നും ഒരു വില്ലന്‍ വേഷത്തിലെത്തി സംവിധായകനുദ്ദേശിക്കുന്നതിലും മേലെ നില്‍ക്കുന്ന പ്രകടനം നല്‍കുക എന്നത് കൈയടി അര്‍ഹിക്കുന്ന നേട്ടമാണ്.

ഹരിശ്രീ അശോകന്‍. Photo: screen grab/ Sree Gokulam Movies/ Youtube.com

1986 ല്‍ പുറത്തിറങ്ങിയ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം പി.ജി. വിശ്വംമ്പരന്‍ സംവിധാനം ചെയ്ത പാര്‍വതി പരിണയത്തിലെ ഭിക്ഷക്കാരന്റെ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ദിലീപ്-ഹരിശ്രീ അശോകന്‍ കോമ്പോയില്‍ പിറന്ന തിളക്കം, ഈ പറക്കും തളിക, സി.ഐ.ഡി മൂസ തുടങ്ങിയ ഒട്ടനവധി ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടപ്പെട്ട നടനായി മാറിയ ഹരിശ്രീ അശോകന്‍ സമീപകാലത്താണ് തന്റെ ട്രാക്ക് മാറ്റിപിടിച്ചത്.

2017 ല്‍ പുറത്തിറങ്ങിയ സൗബിന്‍ ഷാഹിറിന്റെ പറവയിലൂടെയാണ് ഹരിശ്രീ അശോകന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. ചിത്രത്തില്‍ ഹക്കീമിന്റെ പിതാവായ ഹബീബായിട്ടായിരുന്നു താരം വേഷമിട്ടിരുന്നത്. തുടര്‍ന്ന് രേഖാചിത്രം, മിന്നല്‍ മുരളി, കടകന്‍ തുടങ്ങിയ ചിത്രങ്ങളിലും സിരീസായ കേരള ക്രൈം ഫയല്‍സിലും താരം തന്നിലെ അഭിനേതാവിന്റെ ആഴം തെളിയിച്ചിരുന്നു. പ്രതിഛായയിലെ കഥാപാത്രത്തിന് വേണ്ടിയും താടി വടിക്കാത്ത ഹരിശ്രീ അശോകന്റെ കരിയറിലെ മറ്റൊരു മുതല്‍ക്കൂട്ടായി പുരുഷോത്തമന്‍ മാറും എന്നതില്‍ സംശയമില്ല.

Content Highlight: Harishree asokan’s Performance in Prathichaya gets positive response

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.