കാലിലെ നഖം വളര്‍ന്നത് വരെ മമ്മൂക്ക ശ്രദ്ധിക്കും; താരത്തെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകന്‍
Malayalam Cinema
കാലിലെ നഖം വളര്‍ന്നത് വരെ മമ്മൂക്ക ശ്രദ്ധിക്കും; താരത്തെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകന്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 25th June 2026, 8:33 pm

ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ അഭിനേതാവാണ് ഹരിശ്രീ അശോകന്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച താരം എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. സമീപകാലത്തായി കോമഡി റോളുകളില്‍ നിന്നും മാറി സീരിയസ് റോളുകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും ഹാസ്യകഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ട സി.ഐ.ഡി മൂസ, പാണ്ടിപ്പട, കൊച്ചിരാജാവ്, പഞ്ചാഹിഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഫാന്‍ബേസ് സൃഷ്ടിച്ചടുക്കാന്‍ ഹരിശ്രീ അശോകന് സാധിച്ചിട്ടുണ്ട്.

ഹരിശ്രീ അശോകനും മകനും. Photo: Times Now

താന്‍ അഭിനയിച്ച ഇത്തരം ചിത്രങ്ങളെ കുറിച്ച് സൂപ്പര്‍ താരം മമ്മൂട്ടി പറഞ്ഞ വാക്കുകളെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച ഹരിശ്രീ അശോകന്റെ അഭിമുഖമാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു സമയത്ത് സിനിമകളില്‍ അവസരം കുറഞ്ഞതിനെ കുറിച്ച് മമ്മൂട്ടിയുടെ അടുത്ത് സംസാരിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘മമ്മൂക്ക എല്ലാം ശ്രദ്ധിക്കുന്നയാളാണ്. ഷൂട്ടിന്റെ സമയത്ത് നമ്മള്‍ മേക്കപ്പെല്ലാം അഴിച്ച് അദ്ദേഹത്തിന്റെ അടുത്ത് ചെന്നിരിക്കുമ്പോള്‍ കാലിലെ നഖം വെട്ടിയില്ലേ എന്നെല്ലാം ചോദിക്കും. അത്രയും ശ്രദ്ധിക്കുന്ന ആളാണ് അദ്ദേഹം. അങ്ങനെയിരിക്കെ മമ്മൂക്കയുടെ അടുത്ത് ഞാന്‍ പറഞ്ഞു പടങ്ങളെല്ലാം കുറഞ്ഞു എന്ന്. അദ്ദേഹം ചോദിച്ചത് അതിനിപ്പോ എന്താ എന്നാണ്.

മമ്മൂട്ടി. Photo: Deccan Chronicle

പഴയ തിരക്ക് എപ്പോഴും ഉണ്ടാവില്ലെന്നും കുറെ കഴിയുമ്പോള്‍ തിരക്ക് കുറയുമെന്നും വീണ്ടും നല്ല ചിത്രങ്ങള്‍ വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പടമില്ലെന്ന് വെച്ച് താന്‍ ആളുകളുടെ മനസില്‍ നിന്നും പോകില്ലെന്നും നല്ല ചിത്രങ്ങള്‍ നിങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ ഇട്ടുകൊടുത്തിട്ടുണ്ടെന്നും അതിലൂടെയെല്ലാം ആളുകള്‍ നിങ്ങളെ ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ആളുകള്‍ക്ക് ഞാന്‍ ഫീല്‍ഡ് ഔട്ട് ആയി എന്ന തോന്നലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു തന്നു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Content Highlight: Harishree Ashokan talks about his experience with Mammootty

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.