അത്രയും റിസ്‌ക് പിടിച്ച് ഷോട്ട് ഞാന്‍ ഡ്യൂപ്പില്ലാതെ ചെയ്തു; ടിക്കിടാക്കയിലെ അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകന്‍
Malayalam Cinema
അത്രയും റിസ്‌ക് പിടിച്ച് ഷോട്ട് ഞാന്‍ ഡ്യൂപ്പില്ലാതെ ചെയ്തു; ടിക്കിടാക്കയിലെ അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 30th June 2026, 7:42 pm

ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ അഭിനേതാവാണ് ഹരിശ്രീ അശോകന്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച താരം എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. സമീപകാലത്തായി കോമഡി റോളുകളില്‍ നിന്നും മാറി സീരിയസ് റോളുകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

എങ്കിലും ഹാസ്യകഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ട സി.ഐ.ഡി മൂസ, പാണ്ടിപ്പട, കൊച്ചിരാജാവ്, പഞ്ചാബിഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഫാന്‍ബേസ് സൃഷ്ടിച്ചടുക്കാന്‍ ഹരിശ്രീ അശോകന് സാധിച്ചിട്ടുണ്ട്. ആസിഫ് അലി നായകനായി അണിയറയില്‍ ഒരുങ്ങുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിലും ഹരിശ്രീ അശോകന്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഹരിശ്രീ അശോകന്‍. Photo: Times Now

വരാനിരിക്കുന്ന ചിത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ടിക്കിടാക്ക. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ്, കള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ സവിശേഷതകളുമായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും അപ്ഡേറ്റുകളുമെല്ലാം വലിയ പ്രതീക്ഷയാണ് ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് നല്‍കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ തനിക്ക് ചെയ്യേണ്ടി വന്ന ഒരു ആക്ഷന്‍ രംഗത്തെ കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗം ചെയ്ത അനുഭവം അശോകന്‍ പങ്കുവെച്ചത്.

‘ചിത്രത്തിന്റെ ക്ലൈമാക്‌സ് പോര്‍ഷന്‍ ഷൂട്ട് ചെയ്യുന്നതിനിടെ സംവിധായകന്‍ എന്നോട് ചോദിച്ചു ചേട്ടാ ഒരു സംഭവം ഉണ്ട് ചെയ്യാമോ എന്ന്. ഒരു കറങ്ങി കറങ്ങി വരുന്ന മെഷിന്‍ ഉണ്ട് അതിലേക്ക് നമ്മള്‍ റോപ്പില്‍ വന്നിറങ്ങി തെറ്റാലില്‍ ഷൂട്ട് ചെയ്യുന്നതാണ് സീന്‍. കട്ട് ഷോട്ടുകളായിട്ടാണ് ഷൂട്ട് ചെയ്തത്. അലപ്ം റിസ്‌കുള്ള പരിപാടിയാണെങ്കിലും ഈസിയായിട്ട് ചെയ്തു.

ടിക്കിടാക്ക. Photo: District

അത് കണ്ടിട്ട് ഫൈറ്റ് മാസ്റ്ററെല്ലാം വന്ന് ഷേക്ക് ഹാന്‍ഡ് തന്നിട്ടാണ് പോയത്. എനിക്ക് ഭയങ്കര ത്രില്ലായിട്ടാണ് തോന്നിയത്. അങ്ങോട്ട് ചെയ്യുക എന്ന മനോഭാവത്തിലാണ് ആ സ്റ്റണ്ട് ചെയ്തത്. എന്നോട് ഡ്യൂപ്പ് വേണോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ വേണ്ടെന്നും ഞാന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറയുകയാണെങ്കില്‍ ഡ്യൂപ്പിനെ ഇട്ടോളു എന്നുമാണ് ഞാന്‍ പറഞ്ഞത്. സിനിമയില്‍ കാണുമ്പോള്‍ രസമായിരിക്കും,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Content Highlight: Harishree Ashokan talks about his experience in Tikitaka Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.