| Wednesday, 2nd July 2025, 8:37 am

എത്ര തന്നെ അഭിനയിച്ചാലും ചെയ്ത കഥാപാത്രങ്ങള്‍ കുറച്ചുകൂടെ ശരിയാക്കാമെന്ന് തോന്നും: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളരുകയായിരുന്നു. പഞ്ചാബി ഹൗസ് എന്ന സിനിമയാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. അതിലെ രമണന്‍ എന്ന ഹാസ്യകഥാപാത്രം വലിയ ഹിറ്റായി. തുടര്‍ന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി.

ചെയ്ത കഥാപാത്രങ്ങള്‍ ഒന്നുകൂടി നന്നാക്കാമായിരുന്നുവെന്ന് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും തോന്നുമെന്ന് ഇപ്പോള്‍ ഹരിശ്രീ അശോകന്‍ പറയുന്നു. നമ്മള്‍ എത്ര തന്നെ അഭിനയിച്ചാലും സിനിമ കാണുമ്പോള്‍ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് തോന്നുമെന്നും ട്രാക്കിലേക്ക് എത്തി കഴിഞ്ഞാല്‍ കുറെയൊക്കെ അഭിനയം റെഡിയാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഒരിക്കലും ഒരു ആര്‍ട്ടിസ്റ്റിന് പൂര്‍ണമായി ആ കഥാപാത്രമായി മാറാന്‍ ബുദ്ധിമുട്ടാണെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോള്‍ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും അത് തോന്നും. നമ്മള്‍ക്ക് ആദ്യമേ കിട്ടില്ല ചിലപ്പോള്‍ അത്. ചിലത് നൂറ് ശതമാനം അങ്ങ് ഒത്ത് കിട്ടും. ആദ്യം നമ്മള്‍ തുടങ്ങിവരുന്ന സമയത്ത് കിട്ടാന്‍ വലിയ പാടാണ്.

പിന്നെ കുറെ നമ്മള്‍ ഈ ട്രാക്കിലായി കഴിഞ്ഞാലാണ് റെഡിയാകുക. എന്നാലും പൂര്‍ണമായിട്ട് കിട്ടില്ല. പൂര്‍ണമായിട്ടും ഒരു ക്യാരക്ടര്‍ ആകാന്‍ ആര്‍ട്ടിസ്റ്റിന് ഭയങ്കര ബുദ്ധിമുട്ടാണ്. കിട്ടില്ല അത്രയും. നമ്മള്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവിടെ ഇങ്ങനെ ചെയ്യാമായിരുന്നു, ആ റിയാക്ഷന്‍ സുഖമായില്ല എന്ന് തോന്നും. സിനിമ കാണുമ്പോഴാണ് ഇത് ഫീല്‍ ചെയ്യുക,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Content Highlight:  Harishree Ashokan says that all artists feel that the characters they played could have been improved.

We use cookies to give you the best possible experience. Learn more