അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-യു.എ.ഇ ട്രൈനേഷന്‍ സീരിസില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിന്റെ വിജയമാണ് അഫ്ഗാന്‍ സിംഹങ്ങള്‍ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 151ന് പുറത്തായി.
ഇബ്രാഹിം സദ്രാന്‍, സെദ്ദിഖുള്ള അടല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. സദ്രാന്‍ 45 പന്ത് നേരിട്ട് 65 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ നിന്നും 64 റണ്‍സാണ് അടല്‍ നേടിയത്. അഫ്ഗാന്‍ നിരയില്‍ ബാറ്റെടുത്ത മറ്റെല്ലാ താരങ്ങളും തന്നെ ഒറ്റയക്കത്തിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സൂപ്പര്‍ താരം സയീം അയ്യൂബ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ടോപ്പ് ഓര്‍ഡറില്‍ ഫഖര്‍ സമാന്‍ (18 പന്തില്‍ 25), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘാ (15 പന്തില്‍ 20), സഹിബ്‌സാദ ഫര്‍ഹാന്‍ (13 പന്തില്‍ 18) എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയി.
ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും നിരാശപ്പെടുത്തിയപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ ഹാരിസ് റൗഫിന് മാത്രമാണ് ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. 16 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് സിക്‌സറുകളടക്കം 212.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
പാക് നിരയില്‍ ആകെ പിറവിയെടുത്തത് എട്ട് സിക്‌സറുകളാണ്. ഇതില്‍ നാലും റൗഫ് തന്നെയാണ് അടിച്ചെടുത്തത്. ടീമിന്റെ ടോപ് സ്‌കോററും റൗഫ് തന്നെയായിരുന്നു.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു റെക്കോഡും ഹാരിസ് റൗഫ് സ്വന്തമാക്കി. ഒരു ടി-20 ഇന്നിങ്‌സില്‍ പത്താം നമ്പറില്‍ ഒരു പാക് താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡാണ് ഹാരിസ് റൗണ്ട് സ്വന്തമാക്കിയത്. 24 റണ്‍സ് നേടിയ വഹാബ് റിയാസിന്റെ റെക്കോഡാണ് ഹാരിസ് റൗഫ് തകര്‍ത്തത്.
ഇതിനൊപ്പം അന്താരാഷ്ട്ര ടി-20യില്‍ പത്താം നമ്പറിലിറങ്ങി ഏറ്റുമുയര്‍ന്ന രണ്ടാമത് സ്‌കോറിന്റെ റെക്കോഡും ഹാരിസ് റൗണ്ട് തന്റെ പേരില്‍ കുറിച്ചു.
ട്രൈ നേഷന്‍ സീരിസില്‍ യു.എ.ഇക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. നാളെ നടക്കുന്ന മത്സരത്തിനും ഷാര്‍ജയാണ് വേദിയാകുന്നത്. ഏഷ്യാ കപ്പിന് മുമ്പ് നടക്കുന്ന ഈ പരമ്പര മൂന്ന് ടീമുകളെ സംബന്ധിച്ചും നിര്‍ണായകും.
Content Highlight: Haris Rauf set the record for highest individual score by a Pakistan batter at No: 10