| Thursday, 13th February 2025, 8:54 pm

ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഒരുപാട് ഹോംവർക്ക് ചെയ്തിട്ടും അവാർഡ് പട്ടികയിൽ ഞാൻ മാത്രം വന്നില്ല: ഹരിഹരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ.

വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്. ഈയിടെ റീ റിലീസായ സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ഒരു വടക്കൻ വീരഗാഥയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഹരിഹരൻ. മമ്മൂട്ടി ഒരുപാട് ഹോം വർക്ക് ചെയ്‌തിട്ടുള്ള സിനിമയാണ് അതെന്നും ക്ലൈമാക്സിലെ മമ്മൂട്ടിയുടെ ഡയലോഗ് കേൾക്കുമ്പോൾ ഇപ്പോഴും വിഷമം തോന്നുമെന്നും ഹരിഹരൻ പറയുന്നു.

എന്നാൽ സിനിമയ്ക്ക് കിട്ടിയ അംഗീകാരങ്ങളുടെ കൂട്ടത്തിൽ സംവിധായകന് ഒന്നും ലഭിച്ചില്ലെന്നും മദിരാശിയിൽ നൂറ് ദിവസത്തോളം പ്രദർശിപ്പിച്ച സിനിമയാണ് അതെന്നും ഹരിഹരൻ പറയുന്നു. പല ഫിലിം ഫെസ്റ്റിവലിലും മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആ ചിത്രം ഇവിടെ മാത്രം ആ രീതിയിൽ അംഗീകരിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മമ്മൂട്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും ചന്തുവിനെ ഏറ്റെടുത്തു. അതിനുവേണ്ടി ഒരുപാട് ഹോം വർക്കുകൾ ചെയ്‌തു. അദ്ദേഹത്തിൻ്റെ ഡയലോഗ് പ്രസന്റേഷനാണ് എന്നെ വിസ്‌മയിപ്പിച്ചത്. ചിത്രത്തിൻ്റെ ക്ലൈമാക്‌സ് സീനിൽ പറയുന്ന ‘എനിക്ക് പിറക്കാതെ പോയ മകനല്ലേ ഉണ്ണീ നീ’ എന്ന വികാരോജ്ജ്വലമായ വാക്കുകൾ ഇപ്പോഴും കേൾക്കുമ്പോൾ കണ്ണ് നിറയും.

കഥാപാത്രത്തിന്റെ ബിൽഡപ്പിനുവേണ്ടി രസകരമായ ധാരാളം ഷോട്ടുകൾ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. ചെറിയ ചലനങ്ങൾ പോലും താളാത്മകമായിരുന്നു. ഓരോ ഷോട്ടും ഓരോ ഛായാചിത്രങ്ങൾ പോലെയാക്കി. അതിൽ ഒരുപാട് ഹോംവർക്ക് ചെയ്‌തു. എന്നിട്ടും അംഗീകാരങ്ങളുടെ പട്ടികയിൽ സംവിധായകൻ വന്നില്ല.

അന്ന് ഒരുകോടിയോളം ബജറ്റിൽ ഒരുക്കിയ ചിത്രം മദിരാശിയിൽ നൂറ് ദിവസമാണ് പ്രദർശിപ്പിച്ചത്. മലയാളസിനിമ ഒരു വർഷത്തിൽ കൂടുതൽ ആഘോഷിച്ച ചിത്രമായിരുന്നു. ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, നോർത്ത് കൊറിയൻ ഫിലിം ഫെസ്റ്റിവൽ, ഫുക്കാക്കോ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ഒരു വടക്കൻ വീരഗാഥ മികച്ച സംവിധായകനുള്ള അവാർഡ് നേടിയിരുന്നു.

പക്ഷേ, ഇവിടെ പലരും അതിൻ്റെ മേന്മ കണ്ടില്ല. സിനിമയിലെ എൻ്റെ ഗുരുനാഥൻ എം.കൃഷ്‌ണൻ നായർ പറയാറുണ്ട് ‘അവാർഡുകളല്ല, ഒരു ഡയറക്ടർ അറിയപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നത് അവരുടെ സിനിമകളിലൂടെയാണ്’ ആ വാക്കുകളാണ് ഈ യാത്രയിലെ ഊർജം,’ഹരിഹരൻ പറയുന്നു.

Content Highlight: Hariharan About Oru Vadakkan Veeragadha

We use cookies to give you the best possible experience. Learn more