ഇന്ത്യന്‍ ഹോക്കി ടീം പരിശീലകനെ മാറ്റി; പുതിയ ചുമതല ജൂനിയര്‍ ടീമില്‍
Sports
ഇന്ത്യന്‍ ഹോക്കി ടീം പരിശീലകനെ മാറ്റി; പുതിയ ചുമതല ജൂനിയര്‍ ടീമില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th January 2019, 8:06 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ പുരുഷ ഹോക്കി ടീം പരിശീലകന്‍ ഹരേന്ദ്ര സിങ്ങിനെ മാറ്റി. ഹോക്കി ഇന്ത്യയുടെ ഉന്നതാധികാര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഹരേന്ദ്രയെ മാറ്റിയതായി അറിയിച്ചത്. പകരം അദ്ദേഹത്തെ ജൂനിയര്‍ പുരുഷ ടീമിന്റെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.

ഹോക്കി ഇന്ത്യ  പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണ്‍, അനലറ്റിക്കല്‍ കോച്ച് ക്രിസ് സിറില്ലോ എന്നിവര്‍ക്കാണ് ടീമിന്റെ താത്ക്കാലിക ചുമതല. പുതിയ പരിശീലകനായുള്ള അപേക്ഷകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

ഹരേന്ദ്ര സിങ്ങിന് കീഴില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്താനായിരുന്നു. നെതര്‍ലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായിരുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ 2018 മെയ് മാസമാണ് ഹരേന്ദ്ര ചുമതലയേറ്റത്. അദ്ദേഹത്തിന് കീഴില്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണ്ണവും ഇന്ത്യ നേടിയിരുന്നു. ലോകകപ്പില്‍ ആറാം സ്ഥാനമാണ് ഇന്ത്യയ്ക്ക് കിട്ടിയിരുന്നത്.