| Friday, 23rd May 2025, 8:53 pm

'നീ കഴിച്ചിട്ടില്ലേ, ഞാന്‍ കൊണ്ടുതരാ'മെന്ന് മമ്മൂക്ക; അദ്ദേഹം മറക്കുമെന്ന് കരുതി, രണ്ടാം ദിവസം എന്നെ വിളിപ്പിച്ചു: ഹരീഷ് കണാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ കലാകാരനാണ് ഹരീഷ് കണാരന്‍. സിനിമയിലും മിമിക്രി രംഗത്തും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ സ്വദേശിയായ ഹരീഷ് കാലിക്കറ്റ് ഫ്രണ്ട്‌സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് മലയാളികള്‍ക്ക് പ്രിയങ്കരനായത്.

പിന്നീട് 2014ല്‍ ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലൂടെ അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചു. അതിനുശേഷം മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ ഹരീഷിന് സാധിച്ചു. 2020ല്‍ പുറത്തിറങ്ങിയ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലും അദ്ദേഹം ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ഷൈലോക്ക് സിനിമയുടെ സമയത്ത് സെറ്റില്‍ വെച്ച് താന്‍ ആദ്യമായി തേങ്ങാച്ചോറ് കഴിച്ചതിനെ കുറിച്ച് പറയുകയാണ് ഹരീഷ് കണാരന്‍. മമ്മൂട്ടി വീട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങാ ചോറും ബീഫ് കറിയും കഴിച്ചതിന്റെ ഓര്‍മകളാണ് അദ്ദേഹം പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ഷൈലോക്ക് എന്ന സിനിമയുടെ സെറ്റില്‍ നിന്ന് കഴിച്ച തേങ്ങാച്ചോറിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. മമ്മൂക്കയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു അത്. കോഴിക്കോട്ടൊന്നും തേങ്ങാ ചോറ് ഞാന്‍ കണ്ടിട്ടില്ല.

ഒരുദിവസം മമ്മൂക്കയും സിദ്ദിഖിക്കയും ബൈജുച്ചേട്ടനും ഞാനുമൊക്കെ ചേര്‍ന്ന് പഴയ കാലത്തെ ഭക്ഷണത്തിന്റെ കഥകളൊക്കെ പറഞ്ഞ് സെറ്റില്‍ ഇരിക്കുകയാണ്. അതിനിടയിലാണ് തേങ്ങാ ചോറിന്റെ കാര്യം ആദ്യമായി കേട്ടത്. ‘അതെന്താ സാധനം’ എന്ന് ഞാന്‍ ചോദിച്ചു.

‘നീ ഇതുവരെ കഴിച്ചിട്ടില്ലേ, ഞാന്‍ കൊണ്ടുതരാം’ എന്നായിരുന്നു അന്ന് മമ്മൂക്ക പറഞ്ഞത്. പിന്നീട് ഒരുദിവസം കഴിഞ്ഞു. മൂപ്പര് അത് മറന്നുകാണും എന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം സെറ്റില്‍ വെച്ച് എന്നെ അദ്ദേഹത്തിന്റെ അരികിലേക്ക് വിളിച്ചു. വീട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങാ ചോറും ബീഫ് കറിയും തന്നു,’ ഹരീഷ് കണാരന്‍ പറയുന്നു.

Content Highlight: Hareesh Kanaran Talks About Mammootty

We use cookies to give you the best possible experience. Learn more