ആദ്യം ജഡേജ, ഇപ്പോള്‍ ഹര്‍ദിക്; സ്മിത്തിന്റെ മുറിവില്‍ മുളക് തേക്കുന്നവര്‍ ഏറുന്നു
Sports News
ആദ്യം ജഡേജ, ഇപ്പോള്‍ ഹര്‍ദിക്; സ്മിത്തിന്റെ മുറിവില്‍ മുളക് തേക്കുന്നവര്‍ ഏറുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd March 2023, 5:39 pm

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ഇനിയും താളംകണ്ടെത്താനാവുന്നില്ല. മൂന്നാം വണ്‍ഡേയില്‍ മൂന്ന് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് സ്മിത് മടങ്ങിയത്.

ഇന്ത്യയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് സ്മിത്തിനെ മടക്കിയത്. ഇതോടെ വീണ്ടും ഹര്‍ദിക്കിന്റെ ബണ്ണിയാകാനായിരുന്നു സ്മിത്തിന്റെ വിധി.

ഏകദിനത്തില്‍ സ്മിത്തിനെ ഏറ്റവുമധികം തവണ പുറത്താക്കുന്ന രണ്ടാമത്തെ ബൗളര്‍ എന്ന നേട്ടവും ഇതോടെ ഹര്‍ദിക്കിനെ തേടിയെത്തി. അഞ്ച് തവണയാണ് കുങ്ഫു പാണ്ഡ്യ സ്മിത്തിനെ പവലിയനിലേക്ക് പറഞ്ഞയച്ചത്.

 

ആറ് തവണ സ്മിത്തിനെ പുറത്താക്കിയ ഇംഗ്ലീഷ് സൂപ്പര്‍ സ്പിന്നര്‍ ആദില്‍ റഷീദിന്റെ പേരിലാണ് സ്മിത്തിനെ ഏറ്റവുമധികം തവണ ഏകദിന ഫോര്‍മാറ്റില്‍ പുറത്താക്കിയതിന്റെ റെക്കോഡുള്ളത്.

നേരത്തെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും സ്മിത്തിനെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇത്തരത്തില്‍ നാണംകെടുത്തിയിരുന്നു. ടെസ്റ്റില്‍ ഇതോടെ ജഡ്ഡുവിന്റെ ബണ്ണിയാകാനായിരുന്നു സ്മിത്തിന്റെ വിധി.

നേരത്തെ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയ സ്മിത്തിന് ഏകദിനത്തിലും കാലിടറിയിരുന്നു. ആദ്യ ഏകദിനത്തില്‍ 22 റണ്‍സ് നേടിയ സ്മിത്തിന് രണ്ടാം ഏകദിനത്തില്‍ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നിരുന്നില്ല.

ചെപ്പോക്കില്‍ വെച്ച് നടന്ന മൂന്നാം ഏകദിനത്തിലാകട്ടെ സംപൂജ്യനായിട്ടായിരുന്നു താരത്തിന് മടങ്ങേണ്ടി വന്നത്.

അതേസമയം, 46 ഓവര്‍ പിന്നിടവെ ഓസീസ് 249 റണ്‍സിന് ഒമ്പത് എന്ന നിലയിലാണ്. 47 പന്തില്‍ നിന്നും 47 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് കങ്കാരുക്കളുടെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ രണ്ടും സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി.

Content Highlight: Hardik Pandya again dismisses Steve Smith