ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകളാണ് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. 2024ലെ ടി-20 ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇരുവരും കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല അപ്രതീക്ഷിതമായിട്ടാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും സ്ഥാനമുറപ്പിച്ചിട്ടുള്ളത്. 2027ലെ ഏകദിന ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസീസിനെതിരെ പരാജയപ്പെട്ട ഇന്ത്യയെ ആരും മറക്കില്ല എന്നത് മറ്റൊരു സത്യമാണ്.
എന്നിരുന്നാലും നിലവില്‍ പരിശീലനങ്ങളിലും തയ്യാറെടുപ്പുകളിലും സജീവമല്ലാത്ത രണ്ട് താരങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. കുറച്ചു കാലമായി രോഹിത്തും വിരാടും മറ്റ് ഫോര്‍മാറ്റുകളില്‍ ഇടപെടുന്നില്ലെന്നും എത്ര പ്രതിബദ്ധതയുള്ളവരായാലും എത്ര മികച്ചവരായാലും പരിശീലനമില്ലാത്തത് ബുദ്ധിമുട്ടാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. മാത്രമല്ല ഐ.പി.എല്‍ കളിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി തന്റെ ഫിറ്റ്‌നസ് സംരക്ഷിക്കുന്നത് പോലെ വെല്ലുവിളി നിറഞ്ഞതാണ് സാഹചര്യമെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.
‘കുറച്ചു കാലമായി അവര്‍ മറ്റ് ഫോര്‍മാറ്റുകളില്‍ ഇടപെടുന്നില്ല. എത്ര പ്രതിബദ്ധതയുള്ളവരായാലും എത്ര മികച്ചവരായാലും പരിശീലനമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കും. നിങ്ങള്‍ പതിവായി ഗെയിം കളിക്കുന്നില്ലെങ്കിലും കായികരംഗം വികസിക്കും, മാത്രമല്ല നിങ്ങള്‍ പിന്നോട്ട് പോകുകയും ചെയ്യും. ഇത് വെല്ലുവിളി നിറഞ്ഞതായിരിക്കും. ഐ.പി.എല്ലില്‍ എം.എസ്. ധോണിയെ നമ്മള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ദേഹത്തിന്റെ പ്രകടനം നോക്കിയാല്‍ കാര്യങ്ങള്‍ മനസിലാകും,’ ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യക്ക് വേണ്ടി ഏകദിന ഫോര്‍മാറ്റിലെ 273 മത്സരത്തില്‍ നിന്ന് 11168 റണ്‍സാണ് താരം നേടിയത്. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 48.77 എന്ന ആവറേജിലാണ് രോഹിത് ബാറ്റ് വീശിയത്. ഫോര്‍മാറ്റില്‍ 23 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 58 അര്‍ധ സെഞ്ച്വറിയും താരം നേടി.
അതേസമയം വിരാട് 302 മത്സരങ്ങളില്‍ നിന്ന് 14181 റണ്‍സാണ് സ്വന്തമാക്കിയത്. 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 57.88 എന്ന ആവറേജും വിരാടിനുണ്ട്. മാത്രമല്ല 51 സെഞ്ച്വറിയും 74 അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ വിരാട് നേടി.
Content Highlight: Harbhjan Singh Talking About Rohit Sharma And Virat kohli