ക്രിക്കറ്റ് ലോകം കാത്തിരുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ അടുത്ത കാലത്തായി മോശം ഫോമില്‍ തുടരുന്നത് ഇന്ത്യന്‍ ടീമില്‍ ഏറെ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
എന്നാല്‍ ഇരുവരെയും പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. വിരാടും രോഹിത്തും മികച്ച താരങ്ങളാണെന്നും 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും മിന്നും പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു. മാത്രമല്ല ഇരുവര്‍ക്കും ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ സാധിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘വിരാടും രോഹിത്തും അസാമാന്യ നിലവാരമുള്ള ക്രിക്കറ്റര്‍മാരാണ്. അവര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കും. വലിയ ടൂര്‍ണമെന്റുകളില്‍ അവര്‍ നടത്തിയ പ്രകടനം നമ്മള്‍ കണ്ടതാണ്. 2023ലെ ഏകദിന ലോകകപ്പ് കഴിഞ്ഞ വര്‍ഷത്തെ ടി-20 ലോകകപ്പ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരാണ്.
എല്ലാ കളിക്കാര്‍ക്കും കരിയറില്‍ മോശം സമയത്തിലൂടെ കടന്നു പോവേണ്ടിവരും. പക്ഷെ എങ്ങനെ തിരിച്ചുവരണമെന്ന് ഈ വലിയ താരങ്ങള്‍ക്കറിയാം. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത്തും വിരാടും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും, മാത്രമല്ല അവര്‍ ഇന്ത്യന്‍ ടീമിനെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.