ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. ഇപ്പോള്‍ സര്‍ഫറാസിനെ ടീമിലെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. സര്‍ഫറാസിന്റെ പേര് ഒഴിവാക്കിയതില്‍ താന്‍ അമ്പരന്നുവെന്നും താരം കരുണ്‍ നായരെ പോലെ കൂടുതല്‍ ശക്തനായി വരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘ഇത് ശരിക്കും നിര്‍ഭാഗ്യകരമാണ്. ടീമില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതില്‍ ഞാന്‍ അമ്പരന്നുപോയി. പക്ഷേ അദ്ദേഹം കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തിരിച്ചുവരവ് നടത്താനുള്ള ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ട്. എന്റെ ഉപദേശം അവന്‍ പോസിറ്റീവായി എടുക്കുമെന്ന് കരുതുന്നു, നിങ്ങളുടെ സമയം വരും.
കരുണ്‍ നായരെ നോക്കൂ. ഇംഗ്ലണ്ടിനെതിരെ അദ്ദേഹം ട്രിപ്പിള്‍ സെഞ്ച്വറി നേടി, പക്ഷേ അതിനുശേഷം അദ്ദേഹത്തിന് അധികം അവസരങ്ങള്‍ ലഭിച്ചില്ല. ഇപ്പോള്‍, ഇംഗ്ലണ്ട് പരമ്പരയ്ക്കായി അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു,’ ഹര്‍ഭജന്‍ പി.ടി.ഐയോട് പറഞ്ഞു.