വൈറ്റ് ബോളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണ്‍: സൂപ്പര്‍ താരത്തെ പ്രശംസിച്ച് ഹര്‍ഭജന്‍
Cricket
വൈറ്റ് ബോളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണ്‍: സൂപ്പര്‍ താരത്തെ പ്രശംസിച്ച് ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th October 2025, 3:37 pm

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയുടെ ഇന്ത്യന്‍ സ്‌ക്വാഡ് ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുക. ഏകദിനത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ അങ്കത്തിനിറങ്ങുന്നത്.

രോഹിത്തില്‍ നിന്ന് ക്യാപ്റ്റന്‍സി മാറ്റിയതിനെകുറിച്ച് നിരവധി ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ സജീവമാണ്. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയത് തന്നെ അമ്പരപ്പിച്ചെന്നും ഓസ്ട്രേലിയയില്‍ രോഹിത് ക്യാപ്റ്റനാകേണ്ടിയിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണിലൊരാളാണ് രോഹിത്തെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ഗില്ലിന് ക്യാപ്റ്റന്‍സി നല്‍കിയതില്‍ സന്തോഷമുണ്ടെന്നും പക്ഷേ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയതില്‍ നിരാശയുമുണ്ടെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഗില്ലിന് നേതൃത്വം നല്‍കാന്‍ ഇനിയും ഒരുപാട് സമയമുണ്ടെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മക്ക് മികച്ച ട്രാക്ക് റെക്കോഡാണുള്ളത്. അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയത് എന്നെ അമ്പരപ്പിച്ചു. അദ്ദേഹം ക്യാപ്റ്റന്‍ റോള്‍ ഏറ്റെടുക്കണമായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളില്‍ ഒരാളാണ് അദ്ദേഹം.

6-8 മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് ശുഭ്മന്‍ ഗില്ലിന് നേതൃത്വം ഏറ്റെടുക്കാന്‍ കഴിയുമായിരുന്നു. 2027ലെ ഏകദിന ലോകകപ്പിന് ഇനിയും സമയമുണ്ട്. ഗില്ലിന് ക്യാപ്റ്റന്‍സി നല്‍കിയതില്‍ സന്തോഷമുണ്ട്, പക്ഷേ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയതില്‍ നിരാശയുമുണ്ട്. ടീമിനെ നയിക്കുന്നതില്‍ അദ്ദേഹത്തിന് ധാരാളം പരിചയമുണ്ട്,’ ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അകസര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍, യശസ്വി ജെയ്സ്വാള്‍

Content Highlight: Harbhajan Singh Talking About Rohit Sharma