ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ അപെക്‌സ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍ സ്പിന്നറും ഇന്ത്യന്‍ ഇതിഹാസ താരവുമായ ഹര്‍ഭജന്‍ സിങ്. ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരങ്ങളെ പൂര്‍ണമായും അവഗണിച്ച് സൂപ്പര്‍ താരങ്ങളെ മാത്രം ടീമിന്റെ ഭാഗമാക്കിയ ഇന്ത്യയുടെ തീരുമാനത്തെയാണ് ഹര്‍ഭജന്‍ ചോദ്യം ചെയ്തത്.
വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച എട്ട് മത്സരത്തില്‍ നിന്നും അഞ്ച് സെഞ്ച്വറിയുള്‍പ്പടെ 389.50 ശരാശരിയില്‍ 779 റണ്‍സ് നേടിയ കരുണ്‍ നായരിനെ പുറത്താക്കിയ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച ഹര്‍ഭജന്‍, നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ പ്രസക്തിയെ കുറിച്ചും ചോദ്യമുയര്‍ത്തി.
‘ഫോമിന്റെയും മികച്ച പ്രകടനങ്ങളുടെയും അടിസ്ഥാനത്തിലല്ല ടീം തെരഞ്ഞെടുക്കുന്നതെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?’ എന്നാണ് ഭാജി ചോദിച്ചത്.
Is there a point playing Domestic cricket when you don’t pick players based on form & performance ? #KarunNair
ടീം സെലക്ഷന് ദിവസങ്ങള്‍ക്ക് മുമ്പും ഹര്‍ഭജന്‍ കരുണ്‍ നായരിനായി വാദിച്ച് രംഗത്തെത്തിയിരുന്നു. താരത്തിന്റെ പ്രകടനങ്ങളെ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഹര്‍ഭജന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ചത്.
വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമായിരുന്നിട്ടുകൂടിയും കരുണ്‍ നായരിന്റെ പേര് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പോലും ചര്‍ച്ചയായിരുന്നില്ല.
കഴിഞ്ഞ 6-8 മാസമായി ടെസ്റ്റിലും ടി-20യിലും നടത്തുന്ന പ്രകടനം അടിസ്ഥാനമാക്കി, അന്താരാഷ്ട്ര ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്ത യശസ്വി ജെയ്‌സ്വാളിനെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിന്റെ ഭാഗമാക്കിയ ഇന്ത്യന്‍ ടീം, കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് ഇന്നിങ്‌സില്‍ (സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന സമയം) നിന്നും അഞ്ച് സെഞ്ച്വറി നേടിയ കരുണ്‍ നായരിനെ കണ്ടില്ല എന്ന് നടിച്ചതാണ് ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്ന്.
അതേസമയം, ഇന്ത്യ പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പരിക്കേറ്റ ജസ്പ്രീത് ബുംറയുള്‍പ്പടെ വെറും മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്. പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാകാത്ത ബുംറ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിക്കുമോ എന്നതും സംശയമാണ്. ഈ സാഹചര്യത്തില്‍ മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിങ്ങും മാത്രമാണ് ടീമിലെ മറ്റ് പേസര്‍മാരായി ഉണ്ടാവുക. ഹര്‍ദിക് പാണ്ഡ്യയാണ് ഫാസ്റ്റ് ബൗളിങ്ങില്‍ ഇന്ത്യയുടെ മറ്റൊരു ഓപ്ഷന്‍.
ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.
ഒരു പതിറ്റാണ്ടോളം നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം സ്വന്തമാക്കിയ ടി-20 ലോകകപ്പിന് കൂട്ടായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫിലെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
Content Highlight: Harbhajan Singh slams BCCI for overlooking Karun Nair in Champions Trophy squad