2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. എല്ലാ ടീമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.
രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ പരിക്ക് മൂലം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ നഷ്ടമായത് ഏറെ നിരാശാജനകമാണ്. പകരമായി സ്‌ക്വാഡില്‍ ഇടം നേടിയത് യുവ പേസര്‍ ഹര്‍ഷിത് റാണയാണ്.
ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏത് ടീമാണ് വിജയിക്കാന്‍ ഏറെ സാധ്യതയുള്ളതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. മാത്രമല്ല സൂപ്പര്‍ ബൗളര്‍ ബുംറ ഇന്ത്യയുടെ പ്രധാന ബൗളറാണെങ്കിലും ബുംറ ഇല്ലാതെ ഇന്ത്യ കിരീടം നേടണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഹര്‍ഭജന്‍ സിങ് പറഞ്ഞത്
‘ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീട ജേതാക്കളാകാന്‍ ഏറ്റവും സാധ്യത ഉള്ള ടീം ഇന്ത്യ തന്നെയാണ്. ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ത്യയുടെ പ്രധാന അടിത്തറ. പക്ഷെ ബുംറ ഇല്ലെങ്കിലും നല്ല എക്സ്പീരിയന്‍സ് ആയ മറ്റു താരങ്ങള്‍ ഇന്ത്യക്ക് ഉണ്ട്. അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അത് ടീമിന് ഗുണമാണ്. ബുംറ ഇല്ലെങ്കിലും ഇന്ത്യക്ക് കപ്പ് നേടാന്‍ സാധിക്കണം,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.