അടുത്ത മാസം നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം നേരിട്ട തിരിച്ചടികള്‍ക്കും അപമാനത്തിനും ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലൂടെ മറുപടി നല്‍കാനാണ് രോഹിത് ശര്‍മയും സംഘവും ഒരുങ്ങുന്നത്.
ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്താണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മിക്ക ടീമുകളും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സ്‌ക്വാഡിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തന്റെ സ്‌ക്വാഡിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി 16 അംഗ സ്‌ക്വാഡാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.
ഹര്‍ഭജന്‍ സിങ്
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരായിരിക്കണം എന്ന ചോദ്യമാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും ഉയര്‍ത്തുന്നത്.
കെ.എല്‍. രാഹുലിനൊപ്പം റിഷബ് പന്തിനെ വിക്കറ്റ് കീപ്പറാക്കി ടൂര്‍ണമെന്റിനിറങ്ങണം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഏകദിനത്തില്‍ റിഷബ് പന്തിനേക്കാള്‍ മികച്ച സ്റ്റാറ്റ്‌സുള്ള സഞ്ജു സാംസണെയാണ് മറ്റുചിലര്‍ തെരഞ്ഞെടുക്കുന്നത്.
സഞ്ജു സാംസണും റിഷബ് പന്തും
എന്നാല്‍ ഹര്‍ഭജന്‍ സിങ്ങാകട്ടെ കുറച്ച് വ്യത്യസ്തമായി ചിന്തിക്കുകയാണ്. സഞ്ജു സാംസണെയും റിഷബ് പന്തിനെയും സ്‌ക്വാഡിന്റെ ഭാഗമാക്കിയ ടര്‍ബനേറ്റര്‍ കെ.എല്‍. രാഹുലിനെ പരിഗണിക്കുന്നില്ല.
അതേസമയം, അന്താരാഷ്ട്ര ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്ത യശസ്വി ജെയ്‌സ്വാളിനെ അദ്ദേഹം സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുമുണ്ട്. 2023 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരും പരിക്കിനോട് പൊരുതി തിരിച്ചെത്തിയ മുഹമ്മദ് ഷമിയും ഹര്‍ഭജന്റെ സക്വാഡിലുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.
ചാമ്പ്യന്‍സ് ട്രോഫി കിരീടം
ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.