അവന്‍ ആരേലും തല്ലിയിട്ടുണ്ടാകും, അല്ലെങ്കില്‍ എന്തെങ്കിലും പറഞ്ഞുകാണും, അല്ലാതെന്തിന് ഈ അവഗണന: ഹര്‍ഭജന്‍
Sports News
അവന്‍ ആരേലും തല്ലിയിട്ടുണ്ടാകും, അല്ലെങ്കില്‍ എന്തെങ്കിലും പറഞ്ഞുകാണും, അല്ലാതെന്തിന് ഈ അവഗണന: ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th September 2023, 11:23 pm

 

ഓസീസിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ യുസ്വേന്ദ്ര ചഹലിനെ പരിഗണിക്കാത്തതിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്.

ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നറായിരുന്നു ഒരു സമയത്ത് ചഹല്‍. ലെഗ് സ്പിന്നറായ താരം ഇന്ത്യക്കായും ഐ.പി.എല്ലിലും വിക്കറ്റ് എടുക്കാന്‍ മിടുക്കനായിരുന്നു. താരത്തിനെ പരിഗണിക്കാത്തത് ആരെങ്കിലുമായി തല്ലുണ്ടാക്കിയതിനോ അല്ലെങ്കില്‍ ആരോടേലും എന്തെങ്കിലും പറഞ്ഞതിനാണോ എന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

‘യുസ്വേന്ദ്ര ചാഹല്‍ ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. അദ്ദേഹത്തിന് വേണ്ട അവസരം ലഭിച്ചിട്ടില്ല. അതെന്താണെന്ന് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. ഒന്നുകില്‍ അവന്‍ ആരോടെങ്കിലും തല്ലുണ്ടാക്കിയിട്ടുണ്ടോ, അല്ലെങ്കില്‍ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ, എനിക്കറിയില്ല. നമ്മള്‍ കഴിവിനെക്കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ പേര് ഈ ടീമില്‍ ഉണ്ടാകേണ്ടതായിരുന്നു, കാരണം ടീമിലെ ധാരാളം കളിക്കാര്‍ വിശ്രമത്തിലാണ്,’ ഭാജി പറഞ്ഞു.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുക. മൂന്ന് മത്സരങ്ങള്‍ക്കായി രണ്ട് ടീമിനെയാണ് ഇന്ത്യന്‍ ടീം തയ്യാറാക്കിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയും മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മയെ നായകനാക്കിയുമാണ് രണ്ട് സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ഇടം നേടിയ സ്‌ക്വാഡിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ് വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവാണ്. 19 മാസത്തെ ഇടവേളക്ക് ശേഷമാണ് താരം ടീമിന്റെ ഭാഗമാകുന്നത്.

ആദ്യ രണ്ട് മത്സങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

Content Highlight: Harbhajan Says India should have picked yuzvendra Chahal In Squad