ഇസ്രഈല്‍ ജനതയ്ക്കും നെതന്യാഹുവിനും പുതുവത്സരാശംസകള്‍ നേരാന്‍ സാധിച്ചതില്‍ സന്തോഷം: പ്രധാനമന്ത്രി
India
ഇസ്രഈല്‍ ജനതയ്ക്കും നെതന്യാഹുവിനും പുതുവത്സരാശംസകള്‍ നേരാന്‍ സാധിച്ചതില്‍ സന്തോഷം: പ്രധാനമന്ത്രി
രാഗേന്ദു. പി.ആര്‍
Wednesday, 7th January 2026, 7:25 pm

ന്യൂദല്‍ഹി: ഇസ്രഈല്‍ ജനതയ്ക്ക് പുതുവത്സരാശംസകള്‍ നേരാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭീകരതക്കെതിരെ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ പോരാടുമെന്നും മോദി പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് മോദിയുടെ പരാമര്‍ശം.

‘എന്റെ സുഹൃത്ത് നെതന്യാഹുവുമായി സംസാരിക്കാനും അദ്ദേഹത്തിനും ഇസ്രഈല്‍ ജനതയ്ക്കും പുതുവത്സരാശംസകള്‍ നേരാനും കഴിഞ്ഞതില്‍ സന്തോഷം,’ മോദി എക്സില്‍ എഴുതി.


വരും വര്‍ഷങ്ങളില്‍ ഇന്ത്യയും ഇസ്രഈലും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ട്. ഭീകരതയ്‌ക്കെതിരെ ഇരുവരും ശക്തമായി പോരാടുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമം തുടരുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിനെ പിന്തുണച്ചുകൊണ്ടുള്ള മോദിയുടെ പോസ്റ്റ്. മൂന്ന് മാസം മുമ്പാണ് ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. യു.എസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു വെടിനിര്‍ത്തല്‍.

എന്നാല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം 420 ഫലസ്തീനികളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ആരംഭിച്ച യുദ്ധത്തില്‍ 71,388 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 171,269 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിനെ പിന്തുണച്ചുകൊണ്ടുള്ള മോദിയുടെ എക്‌സ് പോസ്റ്റ്.

Content Highlight: Happy to be able to wish the people of Israel and Netanyahu a Happy New Year: Modi

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.