ന്യൂദല്‍ഹി: ദല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുത്ത് റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്. ദല്‍ഹി കേരള ഹൗസിന് മുന്നില്‍ ഹനുമാന്‍ കൈന്‍ഡ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച ഹനുമാന്‍ കൈന്‍ഡ് നടന്നുപോകുന്നതായാണ് വീഡിയോകളിലുള്ളത്. ചില ദേശീയ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലടക്കം ഈ വീഡിയോകള്‍ പങ്കുവച്ചിരുന്നു.
ഇന്നലെയാണ് (ജൂലൈ 20, തിങ്കള്‍) ഹനുമാന്‍ കൈന്‍ഡ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ വ്യക്തമാക്കുന്നു. ദല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഹനുമാന്‍ കൈന്‍ഡ് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Hanuman Kind’s Instagram Stories About Delhi Student protest
ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്നലെ ഹനുമാന്‍ കൈന്‍ഡ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരുന്നു. ഇതില്‍ ഒരു ചിത്രത്തില്‍ ‘പൊലീസ് മര്‍ദനം തുടങ്ങുന്നതിന് തൊട്ട് മുമ്പ്’ എന്ന ക്യാപ്ഷനും ഹനുമാന്‍ കൈന്‍ഡ് കുറിച്ചിട്ടുണ്ട്.
View this post on Instagram
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുള്ള പൊലീസ് നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് അടുത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹനുമാന്‍ കൈന്‍ഡ് പറഞ്ഞു. നമ്മള്‍ ഇതിലും ഭേദപ്പെട്ടത് അര്‍ഹിക്കുന്നു എന്ന് വിശ്വസിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹനുമാന്‍ കൈന്‍ഡ് കുറിച്ചു.
വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റും ഹനുമാന്‍ കൈന്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്നലത്തെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ പോസ്റ്റിലുള്ളത്. ‘ ആ ദിവത്തിലെ കളര്‍ഫുളായ നിമിഷങ്ങളില്‍ ചിലത്,’ എന്ന കാപ്ഷനും ഈ ചിത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കി.
അംബേദ്കറുടെ ചിത്രത്തോടൊപ്പം ‘ജയ് ഭീം’ എന്നെഴുതിയ നീല പതാകയെന്തുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രം ഈ പോസ്റ്റില്‍ ഹനുമാന്‍കൈന്‍ഡ് പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
പ്രതിഷേധത്തിനിടെ ഇന്ത്യന്‍ ദേശീയ പതാകയേന്തുന്ന വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ഡോക്ടര്‍ ബി.ആര്‍ അംബേദ്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങളേന്തുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും ഈ പോസ്റ്റിലുണ്ട്.
ജനങ്ങളുടെ ശക്തി അധികാരത്തിലിരിക്കുന്നവരേക്കാള്‍ വലുതാണ് എന്ന പ്ലക്കാര്‍ഡേന്തിയ ഒരാളുടെ ചിത്രമാണ് മറ്റൊന്ന്.
ദല്‍ഹി ജന്ദര്‍ മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്താനിരിക്കെയായിരുന്നു ഇന്നലെ പൊലീസ് അതിക്രമമുണ്ടായത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി തുടര്‍ന്നു വരികയായിരുന്ന സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്. സി.ജെ.പി ആഹ്വാനം ചെയ്തത് പ്രകാരം പതിനായിരക്കണക്കിന് യുവാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ദല്‍ഹിയിലെത്തിയിരുന്നു.
മാര്‍ച്ചിനെത്തിയ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ ദല്‍ഹി പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് വരെ പൊലീസ് അതിക്രമമുണ്ടായതായി സി.ജെ.പി അറിയിച്ചിരുന്നു. പൊലീസ് അതിക്രമത്തിന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോകളും സി.ജെ.പി പങ്കുവച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും സെലിബ്രിറ്റികളും അടക്കം നിരവധി പേര്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
Content Highlight: Hanuman Kindd Supports Protesting Students who Demands Sacking of Edu. Min D Pradhan
