ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 933 ഗോളുകളാണ് താരം സ്വന്തമാക്കിയത്. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് പോര്‍ച്ചുഗല്‍ താരം കളിക്കുന്നത്.
ലീഗില്‍ 73 മത്സരങ്ങളില്‍ നിന്ന് 72 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഏപ്രില്‍ 12ന് നടന്ന മത്സരത്തില്‍ അല്‍ റിയാദിനെതിരെ ഇരട്ട ഗോള്‍ സ്വന്തമാക്കി റൊണാള്‍ഡോ തിളങ്ങിയിരുന്നു. മാത്രമല്ല മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയം സ്വന്തമാക്കിയിരുന്നു. സൗദി പ്രോ ലീഗില്‍ നാളെ (വെള്ളി) നടക്കുന്ന മത്സരത്തില്‍ അല്‍ഖദീസിയക്കെതിരെയാണ് അല്‍ നസറിന്റെ പോരാട്ടം.
ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി റൊണാള്‍ഡോയെ പ്രശംസിച്ച് സംസാരിക്കുകയാണ് ജര്‍മന്‍ പരിശീലകനും മുന്‍ താരവുമായ ഹാന്‍സി ഫ്‌ളിക്. റൊണാള്‍ഡോയുടെ ഫിസിക്കല്‍ കണ്ടീഷന്‍ കണ്ടാല്‍ തന്നെ അവന്‍ എത്രത്തോളം പ്രൊഫഷണലായ ഫുട്ബോളറാണെന്ന് മനസിലാകുമെന്ന് ഹാന്‍സി ഫ്‌ളിക് പറഞ്ഞു.
മാത്രമല്ല മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വേണ്ട എല്ലാ മേഖലകളിലും റോണോ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആവശ്യമായ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ഹാന്‍സി പറഞ്ഞു. കൂടാതെ നിരവധി താരങ്ങള്‍ക്ക് റൊണാള്‍ഡോ മാതൃകയാണെന്നും ഹാന്‍സി കൂട്ടിച്ചേര്‍ത്തു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്രത്തോളം മികച്ചവനാണെന്ന് നോക്കൂ, അവന്റെ സ്ഥിരതയുള്ള ഫിസിക്കല്‍ കണ്ടീഷന്‍ കാണുമ്പോള്‍ ഒരു ഫുട്ബോളറുടെ ഉയര്‍ന്ന പ്രൊഫഷണലിസം നമുക്ക് മനസിലാകും. അദ്ദേഹം ഫുട്‌ബോളിന്റെ എല്ലാ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആവശ്യമായതെല്ലാം നിയന്ത്രിക്കുന്നു, കൂടാതെ നിരവധി കളിക്കാര്‍ക്ക് ഒരു മികച്ച മാതൃകയാണ്,’ ഹാന്‍സി ഫ്‌ളിക് പറഞ്ഞു.