യെസ് ബോസ് എന്നെങ്കിലും പറയിപ്പിക്കാമായിരുന്നു; ഒരു ഡയലോഗ് പോലുമില്ലാതെ ഹനാന്‍ ഷാ
Malayalam Cinema
യെസ് ബോസ് എന്നെങ്കിലും പറയിപ്പിക്കാമായിരുന്നു; ഒരു ഡയലോഗ് പോലുമില്ലാതെ ഹനാന്‍ ഷാ
അശ്വിന്‍ രാജേന്ദ്രന്‍
Friday, 29th May 2026, 4:26 pm

ഏറെ ആവേശത്തോടെ മലയാളത്തില്‍ നിന്നും മറ്റൊരു വയലന്റ് ആക്ഷന്‍ സിനിമ എന്ന ടാഗ് ലൈനില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത കാട്ടാളന്‍. മാര്‍ക്കോയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലിയുടെ ആക്ഷന്‍ കൊറിയോഗ്രാഫറായ കെച്ച കെംപഗ്‌ദെയുടെയും കെ.ജി.എഫിന്റെ സംഗീത സംവിധായകനായ രവി ബാസുറിന്റെയും വരവ് ചിത്രത്തിന് വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു.

ആന്റണി വര്‍ഗീസ് പെപെ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ഏറെ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു ഗായകനും യൂട്യൂബ് വ്‌ളോഗറുമായ ഹനാന്‍ ഷായുടെത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ഹനാന്‍ ഷായുടെ ആക്ഷന്‍ രംഗങ്ങള്‍ ടീസറിലൂടെ പുറത്തുവന്നതോടെ വലിയ ട്രോളുകളായിരുന്നു താരത്തിനെതിരെ ഉയര്‍ന്നത്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ട്രോളുകളില്‍ ഭൂരിഭാഗവും.

ഹനാന്‍ ഷാ. Photo: Platinumlist

എന്നാല്‍ ഹനാനെതിരെ ഉയര്‍ന്ന ട്രോളുകള്‍ അനാവശ്യമാണെന്നും ടീസര്‍ കണ്ട് ആരും ഒരാളെ വിലയിരുത്തേണ്ടെന്നും അഭിപ്രായപ്പെട്ടുകൊണ്ട് താരത്തിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ചിത്രം പുറത്തിറങ്ങുമ്പോള്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള ശക്തമായ മറുപടി ഹനാന്‍ ഷാ തന്റെ പ്രകടനത്തിലൂടെ തരുമെന്നായിരുന്നു ആരാധകര്‍ ഉറച്ച് വിശ്വസിച്ചിരുന്നത്. എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായ കാര്യങ്ങള്‍ക്കാണ് ഹനാന്‍ ഷായും ആരാധകരും സാക്ഷ്യം വഹിക്കുന്നത്.

ആന്റണി വര്‍ഗീസ് പെപെയുടെ ‘ആന്റണി’ എന്ന കഥാപാത്രം ചിത്രത്തിലേക്ക് രംഗപ്രേവേശം ചെയ്യുന്നതോടെ താരത്തിന്റെ വലം കൈയായി ഹനാന്‍ ഷായുടെ മാലിക് എന്ന കഥാപാത്രം കൂടെയുണ്ട്. ഗുജറാത്തില്‍ നിന്നും ആനക്കൊമ്പ് കടത്താന്‍ വരുന്ന വണ്ടി കൈക്കലാക്കാന്‍ ആന്റണിയെ സഹായിക്കുന്നത് മാലിക്കും മറ്റൊരു അനുചരനും കൂടിയാണ്. എന്നാല്‍ ഇവിടെ നിന്നും ചിത്രം തുടങ്ങി അവസാനിക്കുന്നത് വരെ പലയിടങ്ങളിലും ഹനാന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും വായ തുറന്ന് ഒരക്ഷരം മിണ്ടാന്‍ താരത്തെ സംവിധായകന്‍ അനുവദിക്കാത്തതാണ് ചിത്രം കണ്ടിറങ്ങിയവര്‍ക്ക് ഞെട്ടലായി മാറിയിരിക്കുന്നത്.

മറ്റ് പലയിടങ്ങളിലും നിമിഷ നേരത്തേക്ക് വന്ന് പോകുന്നവര്‍ക്ക് പോലും ഡയലോഗുകളുള്ള ചിത്രത്തില്‍ ഭൂരിഭാഗം പോര്‍ഷനുകളിലും പ്രത്യക്ഷപ്പെടുന്ന ഹനാന്‍ ഷായ്ക്കും മനോ എന്ന കഥാപാത്രമായി വരുന്ന ഷോണ്‍ ജോയ്ക്കും ‘യെസ് ബോസ്’ എന്ന് പറയാനുള്ള അവസരം പോലും സംവിധായകന്‍ നല്‍കാത്തതിലെ ലോജിക്ക് പ്രേക്ഷകര്‍ക്ക് മനസിലാകുന്നില്ല. ചിത്രത്തിന്റെ അവസാന ഭാഗത്ത് നിമിഷ നേരത്തേക്ക് വരുന്ന ദുഷാര വിജയനും ഹിപ്സ്റ്ററിനും ആവശ്യത്തിലധികം ഡയലോഗുകള്‍ നല്‍കുമ്പോള്‍ ഹനാനോടും ഷോണിനോടും ചെയ്തത് ന്യായമായില്ല എന്ന അഭിപ്രായം ഇവരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരില്‍ നിന്നും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

കാട്ടാളന്‍. Photo: X.com

ഡയലോഗുകളൊന്നുമില്ലെങ്കിലും തനിക്ക് അഭിനയിക്കാന്‍ ലഭിച്ച ഭാഗങ്ങളെല്ലാം മികച്ചതാക്കി തന്നെ ഹനാന്‍ ഷാ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥാഗതിക്കനുസരിച്ച് വലിയ രീതിയില്‍ ഭാവപകര്‍ച്ചകളൊന്നും കഥാപാത്രം ആവശ്യപ്പെടുന്നില്ലെങ്കിലും മാസ് ആറ്റിറ്റിയൂഡ് മികച്ചതാക്കി താരം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സിലും ആക്ഷന്‍ രംഗങ്ങള്‍ കൈയടക്കത്തോടെ തന്നെ താരം അവതരിപ്പിച്ചിട്ടുണ്ടെന്ന് പറയാം. എന്തിനാണ് ഈ ആക്ഷനെല്ലാം ചെയ്യുന്നതെന്ന ചോദ്യത്തിന്റെ ഉത്തരം പറയേണ്ടതെങ്കിലും ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ താരം വൃത്തിയായി തന്നെ അവതരിപ്പിച്ചു.

Content Highlight: Hanan shah’s role in Kattalan on discussion after character do not have any dialogue in the movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.