പുതിയ മേധാവിക്കായുള്ള വോട്ടെടുപ്പ് അവസാന ഘട്ടത്തിലെന്ന് ഹമാസ്; ഖാലിദ് മെഷാലും ഖലീല്‍ അല്‍ ഹയ്യയും പ്രഥമ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്‌
World
പുതിയ മേധാവിക്കായുള്ള വോട്ടെടുപ്പ് അവസാന ഘട്ടത്തിലെന്ന് ഹമാസ്; ഖാലിദ് മെഷാലും ഖലീല്‍ അല്‍ ഹയ്യയും പ്രഥമ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്‌
നിഷാന. വി.വി
Monday, 23rd February 2026, 8:42 am

ടെല്‍അവീവ്: ഫലസ്തീന്‍ സായുധ സേനയായ ഹമാസ് പുതിയ തലവനെ തെരഞ്ഞെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ട് പ്രമുഖ വ്യക്തികള്‍ ആ സ്ഥാനത്തേക്ക് മത്സരിക്കുന്നതായും ഹമാസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

80 ലധികം അംഗങ്ങളുള്ള ഒരു പുതിയ ശൂറാ കൗണ്‍സില്‍, പ്രധാനമായും മത പണ്ഡിതന്മാര്‍ ഉള്‍പ്പെടുന്ന ഒരു കണ്‍സ്ട്രക്ടീവ് ബോഡി. 18 അംഗ രാഷ്ട്രീയ ബോഡി എന്നിവയുടെ രൂപീകരണം അടുത്തിടെ പൂര്‍ത്തിയാക്കിയതായും ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘മൂന്ന് മേഖലകളിലേയും ആഭ്യന്തര തെരഞ്ഞെടുപ്പ് പ്രസ്ഥാനം പൂര്‍ത്തിയാക്കി. രാഷ്ട്രീയ തലവനെ തെരഞ്ഞടുക്കുന്നതിന്റെ അവസാന ഘട്ടത്തിലെത്തി,’ പരസ്യമായി സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താത്ത ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗ്രൂപ്പിന്റെ നേതൃത്വത്തിനായുള്ള മത്സരം ഖാലിദ് മെഷാലും ഖലീല്‍ അല്‍ ഹയ്യയും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുവരും ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളാണ്.

വെസ്റ്റ് ബാങ്ക്, ഗസ, പ്രസ്ഥാനത്തിന്റെ ബാഹ്യ നേതൃത്വം എന്നിവയില്‍ നിന്നുളള പ്രതിനിധികളാണ് ഓരോ നാല് വര്‍ഷത്തിലും കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന ഹമാസ് തടവുകാര്‍ക്കും വോട്ടവകാശമുണ്ട്.

എന്നാല്‍, സുരക്ഷാ കാരണങ്ങളാലും അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്തും പുതിയ മേധാവിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ജൂലൈയില്‍ ടെഹ്റാനില്‍ വെച്ച് ഇസ്രഈല്‍ മുന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതിന് പിന്നാലെ അന്നത്തെ ഗസ മേധാവി യഹ്യ സിന്‍വാറിനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു.

ഒക്ടോബര്‍ 7 ലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സിന്‍വാറാണെന്നായിരുന്നു ഇസ്രഈലിന്റെ ആരോപണം.

ഹനിയെ കൊല്ലപ്പെട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം, റഫയില്‍ വെച്ച് ഇസ്രഈല്‍ സൈന്യം അദ്ദേഹത്തെയും കൊലപ്പെടുത്തി.

തുടര്‍ന്ന് ഹമാസ് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇടക്കാല അഞ്ചംഗ നേതൃത്വ സമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഈ സംഘമാണ് ഹമാസിന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

Content Highlight: Hamas says vote for new leader in final stages; Khaled Meshaal and Khalil al-Hayya top picks, report says

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.