തിരുവനന്തപുരം: തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ടോവിനോ തോമസ് ചിത്രമായ പള്ളിച്ചട്ടമ്പിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ. ‘ചരിത്രത്തെ വെളുപ്പിച്ചെടുക്കുന്ന പള്ളിച്ചട്ടമ്പി’ എന്ന തലകെട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വിമർശനം ഉന്നയിച്ചത്.
ചിത്രം പാതിവെന്ത സത്യമാണെന്നും വിമോചന സമരകാലത്തെ പൊലീസ് അതിക്രമങ്ങളെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റിനിർത്തുകയാണ് സിനിമ ചെയ്തതെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറിയെന്നും ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണെന്നും സന്ദീപ് പറഞ്ഞു.
ഭരണകൂടവും അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസും അറിയാതെ പൊലീസ് ചെയ്ത ക്രൂരത എന്ന നിലക്ക് സംഭവത്തെ സിനിമയിൽ അവതരിപ്പിച്ചത് ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സർക്കാരിൻ്റെ കാലത്ത് നടക്കുന്ന പോലീസ് വെടിവെപ്പിൻ്റെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഭരണാധികാരിയിൽ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കൽ വൈറ്റ് വാഷിങ് വാഷിംഗ് അല്ലാതെ മറ്റൊന്നുമല്ല’ സന്ദീപ് വാരിയർ അഭിപ്രായപ്പെട്ടു.
പുതുപ്പള്ളിയിൽ നിന്ന് ‘എം.എൻ ചാണ്ടിയെ’ കൊണ്ട് വന്ന് ബാലൻസ് നടത്തിയത് കൊണ്ട് മാത്രം വ്യാജ ചരിത്ര നിർമ്മിതി എതിർക്കപ്പെടാതെ പോകില്ലെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പള്ളിച്ചട്ടമ്പി വിമോചന സമരകാലത്തെ രാഷ്ട്രീയ പശ്ചാത്തലമാണ് വിവരിക്കുന്നത്.
Content Highlight: Half-truth, a fabrication that whitewashes history; Sandeep Warrier against the movie Pallichattambi