| Friday, 6th February 2026, 8:21 am

പാതിവില തട്ടിപ്പ്; ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണനെതിരെ കേസ്

രാഗേന്ദു. പി.ആര്‍

എറണാകുളം: പാതിവില തട്ടിപ്പില്‍ ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണനെതിരെയും കേസ്. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. രാധാകൃഷ്ണന്‍ അടക്കം നാല് പേരാണ് കേസിലെ പ്രതികള്‍.

പണം വാങ്ങിയിട്ടും സ്‌കൂട്ടര്‍ നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുമേഷ്, രൂപേഷ് മേനോന്‍, കെ.ടി. ബിനീഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

ബാങ്ക് വിവരങ്ങള്‍ പരിശോധിച്ച ശേഷം പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകും. പറവൂര്‍ സ്വദേശിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. പാതിവിലക്ക് സ്‌കൂട്ടര്‍ കിട്ടുമെന്ന് വിശ്വസിപ്പിച്ച് 63,500 രൂപയാണ് പരാതിക്കാരനില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്തത്.

എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്‌കൂട്ടറോ പണമോ ലഭിച്ചില്ലെന്ന് കാണിച്ചാണ് പരാതി. പരാതിക്കാരന്റെ ചെങ്ങമനാട്ടെ വീട്ടില്‍ വെച്ചാണ് പ്രതികള്‍ പണം കൈപ്പറ്റിയത്.

2025 ജൂലൈയില്‍ സമാനമായി എ.എന്‍. രാധാകൃഷ്ണനെതിരെ 30ഓളം പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. സ്‌കൂട്ടറിനായി നല്‍കിയ പണം മടക്കിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത രാധാകൃഷ്ണന്‍ പറഞ്ഞ് പറ്റിച്ചുവെന്നായിരുന്നു പരാതി.

കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണ അറസ്റ്റിലായതിന് പിന്നാലെ, തന്റെ സൊസൈറ്റി മുഖേന കൈപ്പറ്റിയ പണം തിരികെ നല്‍കുമെന്ന് രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ പരാതിക്കാര്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു.

പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് പ്രതിഷേധക്കാര്‍ക്ക് അന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ സൊസൈറ്റിയിലാണ് പരാതിക്കാര്‍ പണമടച്ചിരുന്നത്.

Content Highlight: Half-price scam; Case filed against BJP leader A.N. Radhakrishnan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more