എറണാകുളം: പാതിവില തട്ടിപ്പില്‍ ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണനെതിരെയും കേസ്. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. രാധാകൃഷ്ണന്‍ അടക്കം നാല് പേരാണ് കേസിലെ പ്രതികള്‍.
പണം വാങ്ങിയിട്ടും സ്‌കൂട്ടര്‍ നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുമേഷ്, രൂപേഷ് മേനോന്‍, കെ.ടി. ബിനീഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
2025 ജൂലൈയില്‍ സമാനമായി എ.എന്‍. രാധാകൃഷ്ണനെതിരെ 30ഓളം പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. സ്‌കൂട്ടറിനായി നല്‍കിയ പണം മടക്കിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത രാധാകൃഷ്ണന്‍ പറഞ്ഞ് പറ്റിച്ചുവെന്നായിരുന്നു പരാതി.
കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണ അറസ്റ്റിലായതിന് പിന്നാലെ, തന്റെ സൊസൈറ്റി മുഖേന കൈപ്പറ്റിയ പണം തിരികെ നല്‍കുമെന്ന് രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ പരാതിക്കാര്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു.
പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് പ്രതിഷേധക്കാര്‍ക്ക് അന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ സൊസൈറ്റിയിലാണ് പരാതിക്കാര്‍ പണമടച്ചിരുന്നത്.
Content Highlight: Half-price scam; Case filed against BJP leader A.N. Radhakrishnan