കണ്ടന്റിലായിരുന്നു വിശ്വാസം, അതുകൊണ്ട് ആ സിനിമ ചെയ്തു: ഹക്കിം ഷാ
Malayalam Cinema
കണ്ടന്റിലായിരുന്നു വിശ്വാസം, അതുകൊണ്ട് ആ സിനിമ ചെയ്തു: ഹക്കിം ഷാ
ഐറിന്‍ മരിയ ആന്റണി
Saturday, 21st March 2026, 4:28 pm

മലയാളികള്‍ക്ക് സുപരിതനായ നടനാണ് ഹക്കിം ഷാ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എ.ബി.സി.ഡി എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ തിളങ്ങി. 2021ല്‍ പുറത്തിറങ്ങിയ കടസീല ബിരിയാണി എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും താരത്തിന് ബ്രേക്ക് ത്രൂ ആയി തീര്‍ന്ന ചിത്രം പ്രണയവിലാസമാണ്.

പെണ്ണു കേസാണ് ഹക്കിമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫെബിന് സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില വിമല്‍ പ്രധാനവേഷത്തിലെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ല. സിനിമയില്‍ പൊലീസ് വേഷത്തിലാണ് ഹക്കിം ഷാ എത്തിയത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഹക്കിം ഷാ.

‘ഒരു പെണ്‍കുട്ടി കല്യാണത്തട്ടിപ്പുമായി ഇറങ്ങുന്നത് സാധാരണ കഥയാണ്. പക്ഷേ, അത് അന്വേഷിക്കുന്ന പൊലീസ് ഓഫീസറെയും പറ്റിക്കുന്നു എന്നത് വളരെ രസമുള്ള കണ്ടന്റാണ്. ആ കണ്ടെന്റിലായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് ആ ചിത്രം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. ആ സിനിമ ഇഷ്ടപ്പെട്ടു എന്നു ഒരുപാട് പേര്‍ പറഞ്ഞു.

പെണ്ണു കേസില്‍ ഉള്ളതുപോലെയുള്ള വിവാഹത്തട്ടിപ്പ് കഥകള്‍ നമ്മുടെ നാട്ടില്‍ ഒരുപാടു നടക്കാറുണ്ട്. നാണക്കേട് ഭയന്ന് ആരും പുറത്തു പറയാതിരിക്കുന്നതാണ്. ഒരു പെണ്‍കുട്ടി ഇതുപോലെ പറ്റിച്ച ഒരു ചേട്ടന്‍ ഞങ്ങളുടെ സിനിമയുടെ ക്രൂവില്‍ത്തന്നെ ഉണ്ടായിരുന്നു,’ ഹക്കിം ഷാ പറയുന്നു.

സിനിമയോട് തനിക്കു ചെറുപ്പം മുതലേ നല്ല പാഷനായിരുന്നുവെന്നും വീട്ടില്‍ സിനിമയുമായി ആര്‍ക്കും യാതൊരുവിധ ബന്ധവുമുണ്ടായിരുന്നില്ലെന്നും ഹക്കിം ഷാ പറയുന്നു. നവോദയ വിദ്യാലയത്തിലാണ് താന്‍ പഠിച്ചതെന്നും തുടര്‍ന്ന് എറണാകുളം നവോദയയില്‍നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കിയെന്നും നടന്‍ പറഞ്ഞു.

നിര്‍മല കോളജില്‍ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് അഭിനയമോഹം തലയില്‍ കയറുന്നതെന്നും വീട്ടില്‍ ആര്‍ക്കും സിനിമാ ഫീല്‍ഡിനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെന്നും ഹക്കിം കൂട്ടിച്ചേര്‍ത്തു.

Content Highlight: Hakkim Shah on the movie Pennu case 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.