തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുകയാണ് രജിനികാന്തിന്റെ ജയിലര്‍ 2. തലൈവര്‍ ഒരിക്കല്‍കൂടി മുത്തുവേല്‍ പാണ്ഡ്യനായി വേഷമിട്ടപ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തി. 75ാം വയസിലും തന്റെ സ്‌റ്റൈലും സ്വാഗും കൊണ്ട് സിനിമാലോകത്തെ രജിനികാന്ത് വിസ്മയിപ്പിച്ചെന്ന് പറയാം.
സമീപകാലത്ത് ഒരു അന്യഭാഷാ സിനിമയില്‍ ഏറ്റവുമധികം മലയാളി താരങ്ങള്‍ ഭാഗമായ ചിത്രം കൂടിയാണ് ജയിലര്‍ 2. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഹക്കിം ഷാ, സുജീത് ശങ്കര്‍, സുനില്‍ സുഖദ, മിര്‍ണ മേനോന്‍, രാജേഷ് മാധവന്‍ തുടങ്ങി നിരവധി മലയാളികള്‍ ജയിലര്‍ 2ല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഹക്കിം ഷാ അവതരിപ്പിച്ച ശര്‍വ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായി.
ബ്രേക്കിങ് ബാഡിലെ ലാലോ സാലമാങ്ക എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലും ഗെറ്റപ്പിലുമാണ് ഹക്കിം ഷാ ജയിലര്‍ 2ല്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. രജിനികാന്തുമായി ഒന്നിലധികം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നെന്നും ഓരോ സീനിന് മുമ്പും നല്ല ടെന്‍ഷനായിരുന്നെന്നും ഹക്കിം ഷാ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.
‘രജിനി സാറിന്റെ കൂടെയുള്ള കോമ്പിനേഷന്‍ സീനുകള്‍ മറക്കാനാകാത്ത എക്‌സ്പീരിയന്‍സായിരുന്നു. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നുണ്ടെങ്കിലും അടുത്തുപോയി സംസാരിക്കാന്‍ പേടിയായിരുന്നു. സെറ്റില്‍ ബാക്കിയുള്ള എല്ലാവരും അദ്ദേഹവുമായി സംസാരിച്ചു, സാര്‍ അവര്‍ക്കെല്ലാം കൈ കൊടുത്തു. അപ്പോഴും ഞാന്‍ മാത്രം മാറിനിന്നു. എങ്ങനെ അടുക്കും എന്നായിരുന്നു എന്റെ ചിന്ത.
പടത്തില്‍ ഒരു സീനുണ്ട്. അതില്‍ രജിനി സാറിനോട് ഞാന്‍ ഡയലോഗ് പറയുന്നു, സാര്‍ അതിന് റിയാക്ട് ചെയ്യുന്നു. എന്റെ സജഷന്‍ ഷോട്ടും വൈഡ് ഷോട്ടുമാണ് അതില്‍ എടുത്തത്. ഞാന്‍ ഡയലോഗ് പറഞ്ഞ് കഴിഞ്ഞതും സെറ്റിലുള്ള എല്ലാവരും എന്നെത്തന്നെ നോക്കി. സാര്‍ നെല്‍സണോട് ‘ആരാണിത്’ എന്ന് ചോദിച്ചു. നെല്‍സണ്‍ എന്നെക്കുറിച്ച് സാറിനോട് പറഞ്ഞു. അങ്ങനെയാണ് രജിനി സാറുമായി അടുത്തത്,’ ഹക്കിം ഷാ പറഞ്ഞു.
എസ്.ജെ. സൂര്യ അവതരിപ്പിച്ച ബോധി കല്‍പക് എന്ന കഥാപാത്രത്തിന്റെ സഹോദരന്‍ ശര്‍വ എന്ന കഥാപാത്രമായാണ് ഹക്കിം ഷാ വേഷമിട്ടത്. രണ്ടാം പകുതിയില്‍ ഏറ്റവുമധികം സ്‌ക്രീന്‍ ടൈമുള്ള മലയാളി താരവും ഹക്കിം ഷായായിരുന്നു. തമിഴില്‍ ചെയ്ത സിനിമകളിലെല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ച ഹക്കിം ഷാ ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Hakkim Shah about the shooting experience with Rajnikanth
