എ.ബി.സി.ഡിക്ക് ശേഷം അവസരങ്ങളൊന്നും ലഭിക്കാതെ വന്നു; അന്ന് സിനിമയെ കുറിച്ച് ഒരുപാട് പഠിച്ചു: ഹക്കിം ഷാ
Malayalam Cinema
എ.ബി.സി.ഡിക്ക് ശേഷം അവസരങ്ങളൊന്നും ലഭിക്കാതെ വന്നു; അന്ന് സിനിമയെ കുറിച്ച് ഒരുപാട് പഠിച്ചു: ഹക്കിം ഷാ
ഐറിന്‍ മരിയ ആന്റണി
Thursday, 12th March 2026, 10:59 pm

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഹക്കിം ഷാ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എ.ബി.സി.ഡിയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ പിന്നീട് നിരവധി സിനിമകളില്‍ ഭാഗമായെങ്കിലും 2021ല്‍ പുറത്തിറങ്ങിയ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. എന്നാല്‍ കരിയറില്‍ ബ്രക്ക് ത്രൂവായത് പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രമാണ്.

മാര്‍ട്ടിന്‍ പ്രക്കാട് സംവിധാനം ചെയ്ത എ.ബി.സി.ഡി എന്ന ചിത്രത്തില്‍ സഹസംവിധായകനായും ഹക്കിം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ സിനിമയായ എ.ബി.സി.ഡിക്ക് ശേഷം വേറെ അവസരങ്ങളൊന്നും ലഭിക്കാതെ കുറച്ചുകാലം കഴിഞ്ഞിരുന്നുവെന്ന് ഹക്കിം പറയുന്നു.

‘അപ്പോഴും നാടകാഭിനയവും വര്‍ക് ഷോപ്പുകളും തുടരുകയായിരുന്നു. എന്റേതായ രീതിയില്‍ കഥ എഴുതി ഞാന്‍ തന്നെ സംവിധാനം ചെയ്യുമായിരുന്നു. ഇന്‍ സോമ്‌നിയ, സോള്‍ജിയര്‍ തുടങ്ങിയ പേരുകളിലുള്ള വളരെ അമച്വര്‍ നാടകങ്ങളായിരുന്നു ഞാന്‍ ചെയ്തത്. ആ സമയത്താണ് മാര്‍ട്ടിന്‍ ചേട്ടന്‍ സംവിധാനം ചെയ്ത ‘ചാര്‍ലി’ എന്ന സിനിമയില്‍ സഹസംവിധായകനാകാന്‍ അവസരം ലഭിച്ചത്,’ ഹക്കിം പറയുന്നു.

സിനിമയെക്കുറിച്ച് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞുവെന്നും ഒരു സംവിധായകന്റെ കാഴ്ചപ്പാടില്‍ സിനിമയെ കാണാന്‍ പറ്റിയത് അപ്പോഴാണെന്നും നടന്‍ പറയുന്നു. സിനിമയോട് തനിക്കു ചെറുപ്പം മുതലേ ഭയങ്കര പാഷനായിരുന്നുവെന്നും ഹക്കിം പറയുന്നു.

മൂവാറ്റുപുഴ നിര്‍മല കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഭിനയ മോഹം തലയില്‍ കയറുന്നതെന്നും വീട്ടില്‍ ആര്‍ക്കും സിനിമാ ഫീല്‍ഡിനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിലുള്ള ആര്‍ക്കും സിനിമാരംഗത്ത് ബന്ധങ്ങളില്ലെന്നും അറിയാത്ത മേഖലയായത് കൊണ്ട് അവര്‍ എതിര്‍ത്തൊന്നും പറഞ്ഞില്ലെന്നും ഹക്കിം കൂട്ടിച്ചേര്‍ത്തു.

ഹക്കിം പ്രധാവേഷത്തിലെത്തിയ റോസ്ലിന്‍ എന്ന വെബ്‌സീരീസ് ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുകയാണ്. സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയൊരുക്കിയ സീരീസില്‍ സഞ്ജന ദിപു, മീന, വിനീത് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Hakim Shah says he didn’t get a chance after the movie ABCD

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.