ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്ത് നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ വിചാരിച്ചാലും മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റൊരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് വാഴ 2. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 90 കോടിയിലേറെ നേടിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും സാധ്യതയുണ്ട്. വിഷു റിലീസായി വമ്പന്‍ സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും വാഴക്ക് ഇളക്കമൊന്നും സംഭവിച്ചില്ല.

ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ഗ്യാങ്ങുമാണ് വാഴ 2ലെ പ്രധാന താരങ്ങള്‍. ആദ്യഭാഗത്തില്‍ വെറും മൂന്ന് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഹാഷിറും ടീമും മുഴുവന്‍ സിനിമ തങ്ങളെക്കൊണ്ട് ഷോള്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചു. കോമഡിക്കൊപ്പം ഇമോഷനും പ്രാധാന്യം നല്‍കിയ ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും കണക്ടായിട്ടുണ്ട്.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യചിത്രം തന്നെ ഗംഭീര വിജയമായതോടെ ഹാഷിറും ഗ്യാങ്ങുമെല്ലാം ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. നല്ല സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുത്താല്‍ മോളിവുഡില്‍ അടുത്ത സെന്‍സേഷനായി ഹാഷിര്‍ മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ ഹാഷിര്‍ ആന്‍ഡ് ഗ്യാങ്ങിന്റെ പഴയ ചില ടിക് ടോക്ക് വീഡിയോകള്‍ ട്രെന്‍ഡായിരിക്കുകയാണ്.

ടിക് ടോക്ക്, ഡബ്‌സ്മാഷ് പോലുള്ള ആപ്പുകള്‍ കത്തി നിന്ന സമയത്ത് ഹാഷിറും അലനും ചെയ്ത വീഡിയോകള്‍ ചിലര്‍ കുത്തിപ്പൊക്കി. പൊല്ലാതവന്‍ എന്ന ചിത്രത്തില്‍ ധനുഷ് അവതരിപ്പിച്ച കഥാപാത്രം നായികയോട് റൊമാന്റിക്കായി സംസാരിക്കുന്ന ഡയലോഗാണ് ഹാഷിര്‍ അവതരിപ്പിച്ചത്. വീഡിയോയുടെ കമന്റ് ബോക്‌സില്‍ ഗംഭീര കമന്റുകളുണ്ട്.

‘തൂക്കി നീല കരങ്ങളോടെ, തൂക്കി നീല കരങ്ങളോടെ,’ ‘നാട് വിടുക, പുതിയ ജീവിതം ആരംഭിക്കുക. അത് മാത്രമേ ഇനി വഴിയുള്ളൂ’, ‘അപ്പോ ഇവിടെ നിന്നാണ് തുടക്കം’, ‘കഴിവുണ്ടെന്ന് അന്നേ തെളിയിച്ചതാണല്ലേ’ എന്നിങ്ങനെയാണ് ഹാഷിറിന്റെ വീഡിയോയിലെ കമന്റുകള്‍. എന്നാല്‍ അലന്റെ ടിക് ടോക്ക് വീഡിയോ ഇതിലും രസകരമാണ്.