വിജയ്‌യെ ബൂസ്റ്റ് ചെയ്യാന്‍ വെറുതേ എഴുതിയതാകില്ല, ജന നായകനിലെ കാര്യങ്ങള്‍ സത്യമായിരിക്കുമെന്ന് തെളിയിക്കുന്ന സംവിധായകന്റെ മുന്‍ സിനിമകള്‍
Indian Cinema
വിജയ്‌യെ ബൂസ്റ്റ് ചെയ്യാന്‍ വെറുതേ എഴുതിയതാകില്ല, ജന നായകനിലെ കാര്യങ്ങള്‍ സത്യമായിരിക്കുമെന്ന് തെളിയിക്കുന്ന സംവിധായകന്റെ മുന്‍ സിനിമകള്‍
അമര്‍നാഥ് എം.
Wednesday, 28th January 2026, 7:42 pm

ഹൈക്കോടതിയെ സമീപിച്ചിട്ടും നിരാശ നേരിട്ടിരിക്കുകയാണ് ജന നായകന്റെ നിര്‍മാതാക്കള്‍. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ തള്ളിക്കൊണ്ട് ഡിവിഷന്‍ ബെഞ്ച് അടുത്ത വാദം കേള്‍ക്കാന്‍ മെയിലേക്ക് കേസ് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രം പറയുന്നത് അതീവ സെന്‍സിറ്റീവായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഫെബ്രുവരിയിലെങ്കിലും ജന നായകനെ തിയേറ്ററിലെത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യയിലെ ഭരണം നിയന്ത്രിക്കാനായി വിദേശത്തെ ചില കോര്‍പ്പറേറ്റ് ശക്തികള്‍ ശ്രമിക്കുന്നതായി സിനിമയില്‍ കാണിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ മതസൗഹര്‍ദത്തെ ഇത് തകര്‍ക്കുമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അവകാശപ്പെടുന്നത്. ചിത്രത്തിന്റെ റിലീസ് തടസപ്പെടുത്തുന്നതില്‍ ഈയൊരു കഥ വിജയ് തന്റെ രാഷ്ട്രീയപാര്‍ട്ടിയെ ബൂസ്റ്റ് ചെയ്യാന്‍ വേണ്ടി മനപൂര്‍വം കുത്തികയറ്റിയതാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ സംവിധായകന്റെ മുന്‍ സിനിമകള്‍ പരിശോധിച്ചാല്‍ അയാള്‍ വെറുതെ ഒന്നും എഴുതില്ലെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ഓരോ സിനിമകളും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാക്കാന്‍ ശ്രമിക്കുന്നയാളാണ് എച്ച്. വിനോദ്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയവയാണ് വിനോദിന്റെ ഓരോ സിനിമകളും. ആളുകളെ പറ്റിച്ച് പണം തട്ടുന്ന കഥ പറഞ്ഞ സതുരംഗ വേട്ടൈയിലൂടെയാണ് വിനോദ് സിനിമാലോകത്തേക്ക് കടന്നുവന്നത്.

പത്രത്തില്‍ വായിച്ച നൂറുകണക്കിന് തട്ടിപ്പ് കഥകളെയെല്ലാം കോര്‍ത്തിണക്കി ഒരുക്കിയ ചിത്രം മികച്ച വിജയം സ്വന്തമാക്കി. രണ്ടാമത്തെ ചിത്രവും യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചായിരുന്നു. തമിഴ്‌നാടിനെ ഞെട്ടിച്ച ഹൈവേ കൊള്ളക്കാരെ പിടിക്കാനായി ജീവന്‍ പണയം വെച്ച് ഇറങ്ങിയ പൊലീസിന്റെ കഥപറഞ്ഞ തീരന്‍ അധികാരം ഒന്‍ട്ര് വിനോദിന് ഇന്‍ഡസ്ട്രിയില്‍ പ്രത്യേക സ്ഥാനം നല്‍കി.

സതുരംഗ വേട്ടൈ, തീരന്‍ അധികാരം ഒന്‍ട്ര് Photo: Amazon Prime video

തീരന് ശേഷം വിനോദ് ചെയ്ത രണ്ട് സിനിമകള്‍ മുന്നത്തേതിന്റെ അത്ര ഉയര്‍ന്നില്ലെന്ന് പറയാം. അജിത്തുമായി ചെയ്ത നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകളില്‍ വിനോദിന്റെ കയ്യൊപ്പ് കാണാന്‍ സാധിച്ചിരുന്നില്ല. അജിത്തിന്റെ സ്റ്റാര്‍ഡം കൊണ്ട് മാത്രം കഷ്ടിച്ച് വിജയിച്ച സിനിമകളായിരുന്നു ഇവ രണ്ടും. എന്നാല്‍ പിന്നാലെയെത്തിയ തുനിവ് ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു.

ബാങ്കുകള്‍ സാധാരണക്കാരോട് ചെയ്യുന്ന ചതികളെയാണ് തുനിവിലൂടെ വിനോദ് തുറന്നുകാട്ടിയത്. ക്രെഡിറ്റ് കാര്‍ഡുകള്‍ സാധാരണക്കാരിലേക്ക് അടിച്ചേല്പിക്കുന്നത് അവരുടെ പൈസ അവര്‍ പോലും അറിയാതെ സ്വന്തമാക്കുന്ന ബാങ്കുകളുടെ കള്ളക്കളിയെയും വിനോദ് തുനിവില്‍ തുറന്നുകാട്ടിയിരുന്നു. ഇതുപോലെ തന്നെയാകും ജന നായകന്റെ കഥയും വിനോദ് ഒരുക്കിയതെന്നും അഭിപ്രായങ്ങളുണ്ട്.

തുനിവ് Photo: Pinterest

തീരന് ശേഷം വിനോദ് ഒരു കഥ തയാറാക്കുകയും അത് വിജയ്‌യെ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമായിരുന്നു അത്. എന്നാല്‍ മെര്‍സലിന് ശേഷം ഉടനെ വിവാദമൊന്നും വേണ്ടെന്ന തീരുമാനം കാരണം വിനോദ് ആ സ്‌ക്രിപ്റ്റ് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഈ കഥ കമല്‍ ഹാസനെ നായകനാക്കി ഒരുക്കുമെന്ന് അറിയിച്ചു. ഷൂട്ടിന് മുമ്പ് ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. 2017ല്‍ വിജയ്‌യോട് പറഞ്ഞ അതേ സ്‌ക്രിപ്റ്റാണ് ജന നായകനായി പരിണമിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.

Content Highlight: H Vinoth’s previous films discussing after Jana Nayagan issue

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം