അങ്ങനെയൊക്കെ ചെയ്യാനുള്ള അനുവാദം സെന്‍സര്‍ ബോര്‍ഡ് തന്നിട്ടില്ല, ഉള്ള സീനുകള്‍ കട്ട് ചെയ്യാതെ കാണിക്കാന്‍ അനുവദിച്ചതേയുള്ളൂ: എച്ച്. വിനോദ്
Indian Cinema
അങ്ങനെയൊക്കെ ചെയ്യാനുള്ള അനുവാദം സെന്‍സര്‍ ബോര്‍ഡ് തന്നിട്ടില്ല, ഉള്ള സീനുകള്‍ കട്ട് ചെയ്യാതെ കാണിക്കാന്‍ അനുവദിച്ചതേയുള്ളൂ: എച്ച്. വിനോദ്
അമര്‍നാഥ് എം.
Monday, 20th July 2026, 7:45 pm

സിനിമാപ്രേമികളെല്ലാം ജൂലൈ 23നായി കാത്തിരിക്കുകയാണ്. തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ അവസാന ചിത്രത്തെ വരവേല്ക്കാനൊരുങ്ങുകയാണ് ആരാധകര്‍. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ജന നായകന്‍ ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. സമീപകാലത്ത് ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ നേരിട്ടതില്‍ വെച്ച് ഏറ്റവും വലിയ തടസങ്ങളായിരുന്നു ജന നായകനെ കാത്തിരുന്നത്.

ജനുവരിയില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം ഏഴ് മാസത്തോളം പെട്ടിയില്‍ കിടന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പാര്‍ട്ടിയെ ബൂസ്റ്റ് ചെയ്യാനുള്ള രംഗങ്ങള്‍ വിജയ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ എച്ച്. വിനോദ്.

എച്ച്. വിനോദ് Photo: Screen grab/ Cinema Vikatan

തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയ് മുഖ്യമന്ത്രിയായതുകൊണ്ട് കഥയില്‍ മാറ്റം വരുത്തിയെന്ന് പലരും പറയുന്നത് കേട്ടെന്ന് വിനോദ് പറയുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നും ആരോ പടച്ചുവിട്ട നുണയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് ഇക്കാര്യം പറഞ്ഞത്.

‘കഥ മാറ്റാനോ, സിനിമയില്‍ എന്തെങ്കിലും മാറ്റം വരുത്താനോ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കില്ല. എന്താണോ നമ്മള് സബ്മിറ്റ് ചെയ്തത് അതിനനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടും. ജന നായകനില്‍ ആദ്യം സബ്മിറ്റ് ചെയ്ത കോപ്പിയില്‍ ചെറിയ ചില മാറ്റം, അതും അവരുടെ ലിമിറ്റില്‍ നിന്നുകൊണ്ട് മാത്രമേ ചെയ്തിട്ടുള്ളൂ,’ വിനോദ് പറഞ്ഞു.

ജന നായകന്‍ നേരിട്ട മറ്റൊരു തിരിച്ചടിയായിരുന്നു ഇന്റര്‍നെറ്റില്‍ ചിത്രം ലീക്കായത്. മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്.ഡി പതിപ്പാണ് നെറ്റില്‍ ലീക്കായത്. നിരവധിയാളുകള്‍ ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞു. തിയേറ്ററിലെത്തുമ്പോള്‍ ഈയൊരു വിഷയം തിരിച്ചടിയാകുമോ എന്ന ചോദ്യത്തോടും സംവിധായകന്‍ പ്രതികരിച്ചു.

‘ഒരുപാട് പേര്‍ ഈ ലീക്ക്ഡ് വേര്‍ഷന്‍ കണ്ടിട്ടുണ്ടെന്ന് എനിക്കറിയാം. അവര്‍ വീണ്ടും തിയേറ്ററില്‍ വന്ന് ഈ സിനിമ കാണുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. നമുക്ക് അതൊന്നും മുന്‍കൂട്ടി അറിയാന്‍ പറ്റില്ലല്ലോ. ദളപതിക്ക് വേണ്ടി അവരില്‍ പലരും തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ടി.വി.കെയെ സപ്പോര്‍ട്ട് ചെയ്യുന്ന സിനിമയായി ജന നായകനെ വിലയിരുത്തരുത്. അതിനുമപ്പുറമുള്ള രാഷ്ട്രീയവും ശക്തമായ സാമൂഹിക വിഷയവും ഈ സിനിമയില്‍ പറയുന്നുണ്ട്. ആ കണ്ടന്റിനെയാണ് സപ്പോര്‍ട്ട് ചെയ്യേണ്ടത്.’ വിനോദ് പറയുന്നു.

Content Highlight: H Vinoth about Jana Nayagan censoring and release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം