ന്യൂദല്‍ഹി: സി.ജെ.പി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയില്‍ നിന്ന് വിടാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ. ‘നിര്ഭയത്വത്തിന് മുഖമുണ്ടായിരുന്നെങ്കില്‍,’ എന്ന അടിക്കുറിപ്പോട് കൂടിയാണ് ദീപ്കെ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇതിന് പിന്നാലെ സൗരവിന്റെയും അശുതോഷിന്റെയും ഒരു വീഡിയോയും ദീപ്കെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇരുവരും ദേശീയ പതാകയുമേന്തിക്കൊണ്ട് ‘ഭാരത് മാതാ കി ജയ്,’ എന്നും ‘ഇന്‍ക്വിലാബ് സിന്ദാബാദ്,’ എന്നും മുദ്രാവാക്യം വിളിക്കുന്നതായി ഈ വീഡിയോയില്‍ കാണാം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഗ്യാനു മസ്റ്റ് ഗോ,’ എന്ന് ഇരുവരും പറയുന്നതായും വീഡിയോയിലുണ്ട്.
വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സി.ജെ.പി നേതാക്കള്‍ അശുതോഷ് രങ്കയ്ക്കും സൗരവ് ദാസിനെയും മോചിപ്പിക്കാന്‍ ദല്‍ഹിയിലെ ഒരു സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇന്ന് ഉത്തരവിട്ടിരുന്നു.
ഇരുവരെയും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും, നടപടിക്രമങ്ങള്‍ക്കിടെ അവര്‍ക്ക് വേണ്ടിയുള്ള ജാമ്യവ്യവസ്ഥകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇവരുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിനല്‍കണമെന്ന് ദല്‍ഹി പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് ഈ ആവശ്യം തള്ളിയാതായാണ് വിവരം.
ഈ മാസം 13ന് വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തിലാണ് സി.ജെ.പി നേതാക്കള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. പ്രതിഷേധത്തിന് പിന്നാലെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരിന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയെ ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഇവര്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജി ഇന്ന് (ഒക്ടോബര്‍ 21, ബുധന്‍) പിന്‍വലിച്ചിരുന്നു. മറ്റ് നിയമ മാര്ഗങ്ങളുള്ളതിനാല് ഈ വിഷയം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി.ജെ.പി നേതാക്കള്‍ ഹരജി പിന്‍വലിച്ചത്.
Content Highlight: ‘Gyanu must go!’: Dipke Shares New Images of Sourav and Ashuthosh
