ചെന്നൈ: തമിഴ്‌നാട്ടിലെ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അനുമതിയില്ലാതെ ഗുരു പൂജയും ശാഖയും നടത്തിയ സംഭവത്തില്‍ 47 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ചെന്നൈ പൊരൂര്‍ പൊലീസാണ് നടപടിയെടുത്തതെന്ന് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈക്ക് സമീപം പൊരൂരിലെ അയ്യപ്പന്‍തങ്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. അനുമതി വാങ്ങാതെ വ്യാഴാഴ്ചയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രത്യേക ശാഖ പ്രവര്‍ത്തനം നടത്തിയത്.
ഇതിന് പിന്നാലെ പൊലീസ് നടപടിയെടുക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവായ തമിഴിസൈ സൗന്ദരരാജന്‍ രംഗത്തെത്തി. വര്‍ഷങ്ങളായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശാഖയുള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത് ഇതേ സ്‌കൂള്‍ ഗ്രൗണ്ടിലാണെന്ന് തമിലിസൈ അവകാശപ്പെട്ടു.
ആര്‍.എസ്.എസ് സംഘടനയുടെ നൂറാം വാര്‍ഷിക ദിനമായ വിജയദശമി ദിനത്തിലാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേക ശാഖ പരിശീലനം നടത്തിയത്.
ദിവസവും നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളോട് കണ്ണടക്കുന്ന തമിഴ്‌നാട്ടിലെ എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ആത്മീയവും ദേശസ്‌നേഹവും സാംസ്‌കാരികവുമായ പരിപാടികള്‍ വെട്ടിക്കുറക്കുകയാണെന്ന് തമിഴിസൈ വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ നടപടി അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്നും അവര്‍ കുറ്റപ്പെടുത്തി. പിടിയിലായവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം.
ക്രമസമാധാനം തകര്‍ക്കുന്ന മയക്കുമരുന്ന് കടത്തും സ്ത്രീ സുരക്ഷയ്ക്കുള്ള ഭീഷണികളും നിലനില്‍ക്കെ സാംസ്‌കാരിക സമ്മേളനങ്ങള്‍ക്ക് എന്തിനാണ് ഡി.എം.കെ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതെന്ന് തമിഴിസൈ സൗന്ദരരാജന്‍ എക്‌സ് പോസ്റ്റിലൂടെ ചോദിച്ചു.
അതേസമയം, മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചതിനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് പൊരൂര്‍ പൊലീസ് പറഞ്ഞു.
Content Highlight: Guru Pooja and Shakha in school without permission; 47 RSS workers detained in Chennai