കുട്ടികളെ ഇറക്കിയുള്ള കളിയും പൊളിഞ്ഞു; മോദി-അമിത് ഷാ കുതന്ത്രങ്ങള്‍ ഓരോന്നായി പൊളിയുമ്പോള്‍
ശ്രിന്‍ഷ രാമകൃഷ്ണന്‍

മോദിയോടും അമിത് ഷായോടും കൂടുതലൊന്നും പറയാനില്ല. പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ അട്ടിമറിയ്ക്കുന്നതാണെന്നും അത് മതേതരത്വ ഇന്ത്യയെ തകര്‍ക്കുന്നതാണെന്നും ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്കൊക്കെ ബോധ്യമായിട്ടുണ്ട്. ഇനി മനസിലാകാനുള്ളത് ബിജെപി പ്രവര്‍ത്തകര്‍ക്കും ചാനല്‍ ചര്‍ച്ചകളില്‍ നിങ്ങളയക്കുന്ന പ്രതിനിധികള്‍ക്കും മാത്രമാണ്.

ദയവു ചെയ്ത്് കുട്ടികളെ കൊണ്ട് കത്തയപ്പിച്ചും, ബിജെപി പ്രവര്‍ത്തകരെ കൊണ്ട് പോസ്റ്ററൊട്ടിപ്പിച്ചുമൊക്കെയുള്ള ഈ പ്രഹസനങ്ങള്‍ അങ്ങ് അവസാനിപ്പിച്ചൂടെ ഇതൊക്കെ ആര് കാണാനാണ്.

പൗരത്വ ഭേദഗതി നിയമം നല്ലതാണ്, മികച്ചതാണ് എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം നേതാക്കളെ കൊണ്ട് ആവര്‍ത്തിപ്പിച്ചിട്ടും പ്രയോജനമില്ലെന്ന് കണ്ടിട്ടാകും ഇത്തവണ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ കൊണ്ട് പോസ്റ്റ് കാര്‍ഡ് എഴുതിപ്പിച്ചത്്. ഗുജറാത്തിലാണ് സംഭവം.

ഇല്ലാത്തതു പറയരുതല്ലോ കത്തെഴുതിപ്പിച്ചത് പ്രധാനമന്ത്രിയൊന്നുമല്ല, സ്‌കൂളധികൃതര്‍ തന്നെയാണ്. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാക്കിയ പ്രധാനമന്ത്രിയെ അനുമോദിച്ചു കൊണ്ട് അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ കൊണ്ട് പോസ്റ്റ് കാര്‍ഡ് അയപ്പിക്കുകയായിരുന്നു അഹമ്മദാബാദിലെ സ്വകാര്യ സ്‌കൂളധികൃതര്‍.

അല്ല അധ്യാപകരെ, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്താണ് പൗരത്വ ഭേദഗതി നിയമം എന്നാണ് നിങ്ങള്‍ പറഞ്ഞു കൊടുത്തത്. ഇന്ത്യയുടെ അച്ഛാ ദിന്നിനു വേണ്ടി മോദി കൊണ്ടു വന്ന നിയമം ആണെന്നാണോ, അതോ എഴുതി തയ്യാറാക്കിയ അക്ഷരങ്ങള്‍ ബ്ലാക്ക് ബോര്‍ഡിലെഴുതി വിദ്യാര്‍ത്ഥികളോട് പകര്‍ത്തിയെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നോ.

എന്തായാലും രക്ഷിതാക്കള്‍ ഇടപെട്ട്, കത്തെഴുതിപ്പിക്കാനുളള ശ്രമത്തെ തടഞ്ഞിട്ടുണ്ട്. ഇനി അച്ചേ ദിന്‍ കൊണ്ട് വന്ന മോഡിക്കൊരു കത്തയക്കുക എന്നത്, പാഠപുസ്തകങ്ങളിലെ നിര്‍ബന്ധിത ടാസ്‌ക്കായി വരുമോ എന്നൊക്കെ കണ്ടറിയാം.

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല കര്‍ണാടകയില്‍ കോളേജിനു മുന്നില്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പോസ്റ്റര്‍ ഒട്ടിച്ചായിരുന്നു മറ്റൊരു നാടകം. പോസ്റ്റര്‍ എന്ന് പറഞ്ഞാല്‍ വെറും പോസ്റ്റര്‍ ഒന്നുമല്ല കേട്ടോ, മോഡിയുടേയും, അമിത് ഷായുടേയും, പിന്നെ നമ്മുടെ യെദ്യൂരപ്പയുടേയുമൊക്കെ കളര്‍ ഫോട്ടോ സഹിതമുള്ള സ്റ്റൈലന്‍ പോസ്റ്റര്‍ ആണ്്.

കഷ്ടകാലമാണെന്ന് തോന്നുന്നു അവിടെയും വിദ്യാര്‍ത്ഥികളെത്തിയാണ് പ്രതിരോധം തീര്‍ത്തത്. എന്തായാലും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും ആക്രോശിച്ചുമൊക്കെ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിട്ട് തന്നെയാണ് പോയത്. അല്ലെങ്കിലും ബഹളങ്ങളുണ്ടാക്കാന്‍ നിങ്ങള്‍ കഴിഞ്ഞിട്ടേ ആള്‍ക്കാര്‍ ഉള്ളൂ എന്നത് സമ്മതിച്ചു തന്ന കാര്യമാണ് അതില്‍ തര്‍ക്കമൊന്നുമില്ല.

പിന്നെ പതിവ് ഡയലോഗും വിട്ട് പോയിട്ടില്ല… ഏത്… പാകിസ്താനിലേക്ക് പോകണം എന്നുള്ളതേ. അതേ ഇതൊന്നു മാറ്റി പിടിക്കേണ്ട സമയം കഴിഞ്ഞു കേട്ടോ. ഈ പാകിസ്താനിലേക്കയക്കുന്നതിന് പകരം നിങ്ങള്‍ കാനഡയിലേക്കൊക്കെ അയക്കുമോ, അല്ല കുറേ പേര്‍ ഇവിടുന്ന് രക്ഷപ്പെട്ടു പോകാന്‍ നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞത് കേട്ടിരുന്നു. അവര്‍ക്ക് എളുപ്പമാകുമല്ലോ എന്നോര്‍ത്താണ്.

പൗരത്വ ബില്ലിനെ ന്യായീകരിച്ച് വീടുകയറാനുള്ള ശ്രമമാണെങ്കില്‍ നാട്ടുകാരെല്ലാം കൂടി പരിഹസിച്ച് വെറുപ്പിച്ചിട്ടുമുണ്ട്. ഈ വഴിക്ക് വരേണ്ട എന്ന് എല്ലാവരും കൂടി ഒരുമിച്ച് ബോര്‍ഡൊക്കെ തൂക്കി പറഞ്ഞ സ്ഥിതിക്ക് അതും വിലപ്പോകില്ലായിരിക്കും. ഇനി എന്തൊക്കെയാണ് ബിജെപി ഉദ്ദേശിക്കുന്നത് എന്ന് അവര്‍ക്കുമാത്രം അറിയാം.

തുറുപ്പുചീട്ടുകള്‍ ഓരോന്നായി പൊളിഞ്ഞ് പാളീസായി പോകുന്ന സ്ഥിതിക്ക് ഇനി ഏത് നൂതന കുതന്ത്രവുമായാണ് ബി.ജെ.പി വരാന്‍ പോകുന്നത് എന്നത് കാത്തിരുന്നു കാണാം