മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ വീട്ടിൽ നിന്ന് ഗുജറാത്ത് പൊലീസ് ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതിനെതിരെ സുപ്രീം കോടതിയിൽ ഹരജി
India
മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ വീട്ടിൽ നിന്ന് ഗുജറാത്ത് പൊലീസ് ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതിനെതിരെ സുപ്രീം കോടതിയിൽ ഹരജി
റെന്വര്‍ പി
Tuesday, 18th August 2026, 3:46 pm

ന്യൂദൽഹി: സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ വീടുകളിൽ ഗുജറാത്ത് പൊലീസ് നടത്തിയ റെയ്ഡിനിടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സുപ്രിംകോടതിയില്‍ ഹരജി. റെയ്ഡിൽ രവി നായരുടെ മകന്റെയും സഹപ്രവർത്തക സച്ചി ഹെഗ്ഡെയുടെയും ഫോണുകളും ഐപാഡും ലാപ്ടോപ്പുകളും പിടിച്ചെടുത്തതിനെതിരെയാണ് ഹരജി.

തിങ്കളാഴ്ചയാണ് ഗുജറാത്ത് പൊലീസ് രവി നായരുടെ ഡൽഹിയിലെയും പാലക്കാട്ടെയും വീടുകളിൽ റെയ്ഡ് നടത്തിയത്. രവി നായർക്കെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ മാനനഷ്ടക്കേസിസുമായി ബന്ധപ്പെട്ടായിരുന്നു ഗുജറാത്ത് പൊലീസിന്റെ റെയ്ഡ്.

സച്ചി ഹെഗ്ഡെയും രവി നായരുടെ മകനും കേസിൽ പ്രതികളല്ലാതിരുന്നിട്ടും ഇരുവരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹരജിക്കാർക്കായി ഹാജരാവും.

വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് അദാനി ഗ്രൂപ്പ് രവി നായര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത്. അദാനി ഗ്രൂപ്പ് കമ്പനികളിൽ വൻ നിക്ഷേപം നടത്താൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് (എൽ.ഐ.സി) കേന്ദ്രസർക്കാർ നിർദേശം നൽകിയെന്നായിരുന്നു വാഷിങ്ടൺ പോസ്റ്റ് ലേഖനത്തിൽ പറഞ്ഞിരുന്നത്.

ലേഖനത്തിനെതിരെ ഈ വർഷം മേയിൽ അഹമ്മദാബാദ് ഡിറ്റക്ഷൻ ഓഫ് ക്രൈം ബ്രാഞ്ച് (ഡി.സി.ബി) രവി നായർക്കെതിരെ എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു. ഈ എഫ്.ഐ.ആർ റദ്ദാക്കാൻ രവി നായർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ എഫ്.ഐ.ആർ റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. ഈ മാസം 11നായിരുന്നു എഫ്.ഐ.ആർ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി.

അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി പുറത്തിറക്കിയ വാറണ്ടിലാണ് പൊലീസ് ഇന്നലെ (ഓഗസ്റ്റ് 17, തിങ്കൾ) രവി നായരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. രവി നായരുടെ വീടുകള്‍ പരിശോധിക്കാനും അത്യാവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പൊലീസിന് അനുമതി നൽകിക്കൊണ്ടുള്ളതാണ് വാറണ്ട്. എന്നാല്‍ രവി നായർക്ക് പുറമെ അദ്ദേഹത്തിന്റ മകന്റെയും സഹപ്രവര്‍ത്തകയുടെയും ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

രവി നായർ വീട്ടിലില്ലാത്ത സമയത്തായിരുന്നു ഡൽഹിയിലെ പൊലീസ് റെയ്ഡെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് 2.40നായിരുന്നു ദൽഹിയിലെ വീട്ടിൽ പൊലീസെത്തിയത്. ആ സമയത്ത് താനും രവി നായരുടെ മകനുമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്ന് സച്ചി ഹെഗ്ഡെ പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

“ഉദ്യോഗസ്ഥർ ഞങ്ങൾക്ക് ഒരു സെർച്ച് വാറണ്ട് കാണിച്ചു. ചില ഡിജിറ്റൽ ഉപകരണങ്ങൾ അവർ എടുത്തു. മൂന്ന് ലാപ്‌ടോപ്പുകൾ,രണ്ട് പഴയ ഫോണുകൾ, ഒരു ഐപാഡ് എന്നിവ അവയുടെ കൂട്ടത്തിലുണ്ടായിരുന്നു. ആ ലാപ്‌ടോപ്പുകൾ എന്റേതും രവിയുടെ മകന്റെയും ആയിരുന്നു,” സച്ചി ഹെഗ്ഡെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രവി നായർക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. താനോ രവി നായരുടെ മകനോ ഈ കേസിൽ പ്രതികളല്ല. എന്തുകൊണ്ടാണ് അവർ തങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങൾ എടുത്തുകൊണ്ട് പോയതെന്ന് വ്യക്തമല്ലെന്നും സച്ചി പറഞ്ഞു.

പാലക്കാട്ടെ വീട്ടില്‍ നിന്ന് രവി നായരുടെ രണ്ട് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഒരു ഉപകരണത്തിന്റെയും ഹാഷ് വാല്യു രവി നായർക്കോ മകനോ സാച്ചി ഹെഗ്ഡെക്കോ ഗുജറാത്ത് പൊലീസ് നൽകിയിട്ടില്ലെന്നാണ് വിവരം.

Content Highlight:  Gujarat Police seize laptops, phones During Raids at Residences of journalist Ravi Nair at Delhi and Kerala

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.