| Thursday, 17th April 2025, 3:14 pm

എന്നെ കെട്ടിവെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്, കുതിര ഓടി പോകും: ഗിന്നസ് പക്രു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മലയാളത്തിന്റ സ്വന്തം ഗിന്നസ് പക്രു. അജയകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ ശരിക്കുള്ള പേര്. മലയാളത്തിന് പുറമേ തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഇദ്ദേഹം സ്വന്തമാക്കി. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

2005 ല്‍ വിനയന്‍ എഴുതി സംവിധാനം ചെയ്ത ഒരു ഫാന്റസി ചിത്രമാണ് അത്ഭുത ദ്വീപ്. പൃഥ്വിരാജ് സുകുമാരന്‍, ഗിന്നസ് പക്രു എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, കല്‍പ്പന, പൊന്നമ്മ ബാബു, ബിന്ദു പണിക്കര്‍ എന്നിവരാണ് സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അത്ഭുതദ്വീപിലെ പ്രകടനത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അദ്ദേഹം അര്‍ഹനായി.

ഇപ്പോള്‍ അത്ഭുതദ്വീപിലെ കുതിരപ്പുറത്തുള്ള അവസാനത്തെ ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് പക്രു.

തന്നെ കുതിരപ്പുറത്ത് കെട്ടിവെച്ചാണ് ക്ലൈമാക്‌സിലെ ആ സീന്‍ എടുത്തതെന്നും കുതിര ഓടാന്‍ തുടങ്ങിയാല്‍ പിന്നെ അതിനെ നമുക്ക് നിര്‍ത്താന്‍ പറ്റില്ലെന്നും പക്രു പറയുന്നു. കുതിരയെ പിടിച്ചിട്ട് നില്‍ക്കാത്തത് കൊണ്ടാണ് അത് ഓടി പോകുന്നതെന്നും താന്‍ ഓടിക്കുന്ന കുതിരയ്ക്ക് ഇരുവശങ്ങളിലായി സപ്പോട്ടിന് രണ്ടാളുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപാട് റിസ്‌ക് എടുത്താണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും പക്രു പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു പക്രു.

‘കുതിരപ്പുറത്ത് എന്നെ കെട്ടിവെച്ചിട്ടാണ് ഞാന്‍ അതിനെ പിടിച്ചിരിക്കുന്നത്. പിന്നെ ഇതൊരു പോക്കാണ് കട്ട് പറഞ്ഞാലൊന്നും കുതിര നില്‍ക്കില്ല. അതിന് തോന്നിയവഴിയൊക്കെ അത് പോകും. നമ്മള്‍ ഇതിനെ പിടിച്ചാല്‍ നില്‍ക്കാത്തത് കൊണ്ടാണ് കുതിര ഓടി പോകുന്നത്. ഞാന്‍ ഓടിക്കുന്ന കുതിരക്ക് രണ്ട് ആളുകളുണ്ടായിരുന്നു സപ്പോര്‍ട്ട് ചെയ്യാന്‍.

ഒരാള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിലും. മറ്റൊരാള്‍ ഫിനിഷിങ് പോയിന്റിലും. ക്ലൈമാക്‌സില്‍ യുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെ സ്റ്റാര്‍ട്ട് പറഞ്ഞ് കഴിഞ്ഞാല്‍ കുതിരകള്‍ ഒാടി വരും. പിന്നെ പ്രധാനമായും കുതിര വിറളി പിടിച്ചാണ് ഓടുക. അങ്ങനെ ആ ഷോട്ട് കിട്ടിയാല്‍ കിട്ടട്ടെ എന്ന് വെച്ച് റിസ്‌ക് എടുത്താണ് ചെയ്തത്,’ ഗിന്നസ് പക്രു പറയുന്നു.

Content Highlight: Guinness Pakru talks about his film Athbhutha Dweepu.

We use cookies to give you the best possible experience. Learn more