| Monday, 16th March 2026, 4:45 pm

പന്തിന്റെ തട്ടകത്തിലേക്ക് വിന്‍ഡീസ് കരുത്തന്‍; ഐ.പി.എല്ലില്‍ നിന്ന് ലങ്കന്‍ സിംഹം പുറത്ത്!

ശ്രീരാഗ് പാറക്കല്‍

2026 ഐ.പി.എല്ലിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഗുഡകേഷ് മോട്ടിയെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. പരിക്ക് കാരണ പുറത്തായ ലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയ്ക്ക് പകരമാണ് ഗുഡകേഷ് മോട്ടിയെ റിഷബ് പന്ത് നയിക്കുന്ന ലഖ്‌നൗവിലേക്ക് എത്തിച്ചത്. പി.എസ്.എല്‍ (പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ്) ഒഴിവാക്കിയാണ് ഗുഡകേഷ് മോട്ടി ഐ.പി.എല്ലിലേക്ക് എത്തുന്നത്.

അതേസമയം 2026ലെ ഐ.പി.എല്‍ മെഗാ ലേലത്തില്‍ രണ്ട് കോടി രൂപയ്ക്കാണ് ഹസരങ്കയെ ലഖ്‌നൗ നിലനിര്‍ത്തിയത്. എന്നാല്‍ ഈ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ പരിക്ക് പറ്റിയ ഹസരങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. താരത്തിന്റെ പരിക്ക് മാറാത്തതിനാലാണ് എല്‍.എസ്.ജി വിന്‍ഡീസ് താരത്തെ ടീമിലെത്തിച്ചത്.

വിന്‍ഡീസിന് വേണ്ടി മോട്ടി 49 ടി-20 മത്സരങ്ങളില്‍ 49 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 4/28 എന്ന മികച്ച ബൗളിങ് പ്രകടനം താരത്തിനുണ്ട്. ഐ.പി.എല്ലിലും താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഏപ്രില്‍ ഒന്നിന് ദല്‍ഹി ക്യാപിറ്റല്‍സുമായാണ് എല്‍.എസ്.ജിയുടെ ആദ്യ മത്സരം.

മാര്‍ച്ച് 28ന് ഡിഫന്റിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ ഐ.പി.എല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. മാര്‍ച്ച് 29ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ കൊല്‍ക്കത്തയെയും നേരിടും.

അതേസമയം കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത എല്‍.എസ്.ജി ഇത്തവണ കിരീടമോഹവുമായാണ് കളത്തിലിറങ്ങുന്നത്.

Content Highlight: Gudakesh Motie Joins LSG In 2026 IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more