ലോകകപ്പ് മോഹം കൈവെടിയുമോ ജര്‍മനി? | DSport
സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് വമ്പൻ ടീമായ ജർമനി ഏറ്റുവാങ്ങിയത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ ടീമിനോട് ആദ്യ മൽസരത്തിൽ ജർമനി പരാജയപ്പെടുന്നത്.

ജപ്പാനോട് 2-1ന് തോറ്റതോടെ ഗ്രൂപ്പ് ഇയിൽ നിന്ന് ഏതെങ്കിലുമൊരു യൂറോപ്യൻ ടീം രണ്ടാം റൗണ്ടിലെത്താതെ പുറത്താകുമെന്ന സാഹചര്യമാണുള്ളത്. കോസ്റ്റാറിക്കയും സ്പെയ്നുമാണ് ജപ്പാനും ജർമനിക്കുമൊപ്പം ഗ്രൂപ്പ് ഇയിലുള്ള മറ്റ് ടീമുകൾ. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ജപ്പാൻ സേഫ് സോണിലാണ്.

ദുർബലരായ കോസ്റ്റ റിക്കയെ കീഴ്‌പ്പെടുത്തി കഴിഞ്ഞാൽ ജപ്പാന് അനായാസമായി പ്രീക്വാർട്ടറിലേക്ക് കടക്കാം. എന്നാൽ ജർമനിക്ക് സ്‌പെയ്‌നിനെയും കോസ്റ്റ റിക്കയെയുമാണ് നേരിടാനുള്ളത്.

ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനമാണ് സ്‌പെയിൻ കാഴ്ച വെച്ചത്. 7-0ന് കോസ്റ്റ റിക്കയെ തകർത്തെറിഞ്ഞ് ലോകകപ്പിലെ എക്കാലത്തെയും മികച്ച ജയമാണ് സ്‌പെയിൻ നേടിയത്. ജർമനിക്കിനി ശക്തരായ സ്‌പെയ്‌നിനെയും കോസ്റ്റ റിക്കയെയുമാണ് നേരിടാനുള്ളത്. നവംബർ 28ന് സ്‌പെയ്‌നിനോടും ഡിസംബർ രണ്ടിന് കോസ്റ്റാറിക്കയോടുമാണ് ജർമനി ഏറ്റുമുട്ടുക. രണ്ട് മത്സരങ്ങളിലും ജയിക്കാനായാൽ ജർമനിക്ക് ആറ് പോയിന്റ് ലഭിക്കും.

എന്നാൽ ഗ്രൂപ്പ് ഇയിലെ മൂന്ന് ടീമുകൾക്ക് ആറ് പോയിന്റ് വീതം ലഭിച്ചാൽ ഒരു ടീമിന് പുറത്ത് കടക്കേണ്ടി വന്നേക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിക്ക് ബാക്കിയുള്ള രണ്ട് പോരാട്ടത്തിൽ സ്പെയ്നെതിരെ എന്തും സംഭവിക്കാം. ആ മത്സരത്തിൽ എന്ത് റിസൾട്ട് വന്നാലും രണ്ട് യൂറോപ്യൻ ടീമുകളെയും ബാധിക്കും.

എന്നാൽ മുന്നോട്ടുള്ള യാത്രയിൽ ജയം അനിവാര്യമാണ്. സ്‌പെയ്‌നിന് സമനിലയാണെങ്കിലും വലിയ പ്രശ്‌നമുണ്ടാക്കില്ല. പക്ഷേ തോൽവി വഴങ്ങേണ്ടി വരികയാണെങ്കിൽ അത് സ്പാനിഷ് പടക്കും പ്രശ്നമാകും. അതേസമയം ജർമനിക്ക് തോൽവി വഴങ്ങേണ്ടി വന്നാൽ അതോടെ വമ്പന്മാരുടെ ഖത്തർ ലോകകപ്പ് യാത്ര അവസാനിക്കും.

അങ്ങനെ സംഭവിച്ചാൽ സ്പെയിനിനൊപ്പം ജപ്പാനാകും പ്രീക്വാർട്ടറിലേക്ക് കടക്കുക. ജർമനിയെ സംബന്ധിച്ച് വരാനിരിക്കുന്നത് രണ്ട് ജീവൻ മരണ പോരാട്ടമാണ്.